CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 29 Seconds Ago
Breaking Now

'അത് ബ്രിട്ടാസിന്റെ വീട്ടില്‍ കൊണ്ടുവെച്ചാല്‍ മതി, സൗകര്യമില്ല ഉത്തരം പറയാന്‍'; മാധ്യമപ്രവര്‍ത്തകരോട് ആക്രോശിച്ച് സുരേഷ് ഗോപി

നിങ്ങള്‍ ആരാ, ആരോടാണ് സംസാരിക്കുന്നത്, സൗകര്യമില്ല ഉത്തരം പറയാന്‍ തുടങ്ങിയ കാര്യങ്ങള്‍ ആക്രോശിച്ചാണ് സുരേഷ് ഗോപി ക്ഷുഭിതനായി മാധ്യമങ്ങള്‍ക്ക് നേരെ തിരിഞ്ഞത്.

മധ്യപ്രദേശിലെ ജബല്‍പൂരില്‍ വൈദികര്‍ നേരിട്ട ആക്രമണം സംബന്ധിച്ച ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിങ്ങള്‍ ആരാ, ആരോടാണ് സംസാരിക്കുന്നത്, സൗകര്യമില്ല ഉത്തരം പറയാന്‍ തുടങ്ങിയ കാര്യങ്ങള്‍ ആക്രോശിച്ചാണ് സുരേഷ് ഗോപി ക്ഷുഭിതനായി മാധ്യമങ്ങള്‍ക്ക് നേരെ തിരിഞ്ഞത്.

'നിങ്ങള്‍ ആരാ, ആരോടാണ് സംസാരിക്കുന്നത്. വളരെ സൂക്ഷിച്ച് സംസാരിക്കണം. മാധ്യമം ആരാണ്. ജനങ്ങളാണ് വലുത്. സൗകര്യമില്ല ഉത്തരം പറയാന്‍. അക്രമം അങ്ങോട്ടും ഇങ്ങോട്ടും നടന്നിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ കേരളത്തിലും അക്രമം നടക്കുന്നുണ്ട്. ജബല്‍പൂരില്‍ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ നിയമപരമായി നടപടിയെടുക്കും', എന്നായിരുന്നു സുരേഷ് ഗോപി ക്ഷുഭിതനായി സംസാരിച്ചത്.

ഒരു സീറ്റ് പൂട്ടിക്കും എന്ന് ബ്രിട്ടാസ് പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് അതിലെ ഒരക്ഷരം മാറ്റണമെന്ന് സുരേഷ് ഗോപി മറുപടി നല്‍കി. മറ്റ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സൗകര്യമില്ല. അതങ്ങ് ബ്രിട്ടാസിന്റെ വീട്ടില്‍ പോയി വെച്ചാല്‍ മതിയെന്നും സുരേഷ് ഗോപി തട്ടിക്കയറി. വഖഫിലൂടെ മുനമ്പത്തെ പ്രശ്നമല്ല പരിഹരിക്കപ്പെട്ടത്. മുനമ്പത്തും ഗുണപ്പെടും എന്നത് സത്യമാണ്. വഖഫിലെ അപാകതകള്‍ മാറണം. വഖഫ് ബില്ലിലെ ചര്‍ച്ചയില്‍ എന്തെങ്കിലും പ്രശ്നം കണ്ടോ എന്നും സുരേഷ് ഗോപി പറഞ്ഞു.

വഖഫ് വരില്ലെന്ന് പറഞ്ഞവരല്ലേ നിങ്ങള്‍. വഖഫില്‍ മാറിയ നിയമങ്ങളുടെ പശ്ചാത്തലത്തില്‍ വരുന്ന മാറ്റങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ചോളു. നാവ് പോസ്റ്റ്മോര്‍ട്ടം ചെയ്തോളൂ. മനസ്സിനെ പോസ്റ്റ്മോര്‍ട്ടം ചെയ്യരുതെന്നും സുരേഷ് ഗോപി പറഞ്ഞു.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.