സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ എസ്എഫ്‌ഐഒ പ്രതി ചേര്‍ത്തത് രാഷ്ട്രീയ പ്രേരിതമെന്ന് വ്യവസായ മന്ത്രി പി രാജീവ്.
രാജ്യത്തിന്റെ ചരിത്രത്തില്‍ അത്യപൂര്‍വമായിട്ടായിരിക്കും അഴിമതി ഇല്ലെന്ന് ഒരു കേസില്‍ മൂന്ന് വിജിലന്‍സ് കോടതികള്‍ കണ്ടെത്തുന്നത്. ഈ കേസില്‍ മുഖ്യമന്ത്രിയോ സര്‍ക്കാരോ ഭാഗമല്ലെന്നും കോടതി വിധി പറഞ്ഞതാണ്. അപ്പീല്‍ പരിഗണിച്ച് ഹൈക്കോടതിയും വിധി പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്ക് ക്ലീന്‍ചീറ്റ് നല്‍കിയ കേസാണ് ഇതെന്നും, നിലവില്‍ ഈ കേസിലൂടെ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും പി രാജീവ് കൂട്ടിചേര്‍ത്തു.
സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ പ്രതി ചേര്‍ത്ത എസ്എഫ്‌ഐഒ നടപടിയില്‍ പ്രതികരിക്കുകയായിരുന്നു പി രാജീവ്. വീണാ വിജയനെയും സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെയും വിചാരണ ചെയ്യാനും കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലെ പ്രത്യേക കോടതിയില്‍ എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സേവനം നല്‍കാതെ വീണാ വിജയന്‍ 2.7 കോടി രൂപ കൈപ്പറ്റിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് വീണാ വിജയന്‍ ഉള്‍പ്പെ ഉള്ളവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കമ്പനി നിയമം അനുസരിച്ചാണ് എസ്എഫ്‌ഐഒ നടപടി. വീണാ വിജയനൊപ്പം ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍ ഫിനാന്‍സ് വിഭാഗം ചീഫ് ജനറല്‍ മാനേജര്‍ സുരേഷ് കുമാര്‍ എന്നിവരും പ്രതികളാണ്.