ഇടുക്കി തൊടുപുഴയിലെ ബിജു ജോസഫ് കൊലപാതകത്തില്‍ തെളിവായി ഒന്നാം പ്രതി ജോമോന്റെ കോള്‍ റെക്കോര്‍ഡ് പൊലീസിന് ലഭിച്ചു. കൊലപാതത്തിന് ശേഷം ജോമോന്‍ പലരെയും ഫോണില്‍ വിളിച്ച് വിവരം പറഞ്ഞിരുന്നതായി പൊലീസ് കണ്ടെത്തി. 'ദൃശ്യം -4' നടത്തിയെന്ന് ജോമോന്‍ പറയുന്നതായി കോള്‍ റെക്കോര്‍ഡില്‍ കേള്‍ക്കാം. ജോമോന്റെ ഫോണില്‍ നിന്നാണ് കോള്‍ റെക്കോര്‍ഡ് ലഭിച്ചത്.
ശബ്ദത്തിന്റെ ആധികാരികത പരിശോധിക്കാന്‍ പൊലീസ് വോയ്‌സ് ടെസ്റ്റ് നടത്തുമെന്നും ജോമോന്‍ വിളിച്ച ആളുകളുടെ മൊഴിയെടുക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, ജോമോന്‍ ഉള്‍പ്പെടെയുളള പ്രതികള്‍ക്കായി പൊലീസ് വീണ്ടും കസ്റ്റഡി അപേക്ഷ നല്‍കിയിട്ടുണ്ട്. കസ്റ്റഡി അപേക്ഷ ഇന്ന് തൊടുപുഴ കോടതി പരിഗണിച്ചേക്കും. ജോമോന്റെ ഭാര്യയുടെ അറസ്റ്റും ഉടനുണ്ടാകുമെന്നാണ് സൂചന. തട്ടിക്കൊണ്ടുപോകല്‍ ഇവര്‍ക്കറിയാമായിരുന്നെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.