കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ കെ രാധാകൃഷ്ണന്‍ എംപിയെ സാക്ഷിയാക്കാന്‍ ഇ ഡി തീരുമാനം. കെ രാധാകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഈ നീക്കം. കെ രാധാകൃഷ്ണനെ ഇനി വിളിപ്പിച്ചേക്കില്ലെന്നാണ് വിവരം. ഇന്നലെ ഏഴ് മണിക്കൂറാണ് കെ രാധാകൃഷ്ണനില്‍ നിന്ന് മൊഴിയെടുത്തത്. അതേസമയം കേസില്‍ അന്തിമ കുറ്റപത്രം ഈ മാസം സമര്‍പ്പിക്കും.
അതേസമയം കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇ ഡി വിളിപ്പിച്ചത് ചോദ്യം ചെയ്യാനല്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി പറഞ്ഞിരുന്നു. കൊച്ചിയിലെ ഇ ഡി ഓഫീസിലെ നടപടിക്രമങ്ങള്‍ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ രാധാകൃഷ്ണന്‍. പലരും നല്‍കിയ മൊഴികളില്‍ വ്യക്തത വരുത്താനാണ് ഇ ഡി വിളിപ്പിച്ചതെന്നും പൊലീസ് മുറയിലുളള ചോദ്യംചെയ്യലല്ല നടക്കുന്നതെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.
കരുവന്നൂര്‍ ബാങ്കില്‍ സിപിഐഎം ജില്ലാ കമ്മിറ്റിക്ക് അക്കൗണ്ടില്ല എന്നും കെ രാധാകൃഷ്ണന്‍ എംപി പറഞ്ഞു. എന്റെ ആധാറും പാന്‍ കാര്‍ഡും സ്വത്ത് വിവരങ്ങളുമുള്‍പ്പെടെ നേരത്തെ തന്നെ കൈമാറിയിരുന്നു. പൊലീസ് മുറയിലുളള ചോദ്യംചെയ്യലല്ല നടക്കുന്നത്. രേഖകളടക്കം കാര്യങ്ങള്‍ ഇ ഡിയെ ബോധിപ്പിച്ചിട്ടുണ്ടെന്നും കെ രാധാകൃഷ്ണന്‍ എംപി പറഞ്ഞു. താന്‍ കേസില്‍ പ്രതിയാണെന്ന രീതിയിലാണ് പ്രചാരണമെന്നും അതില്‍ അടിസ്ഥാനമില്ലെന്നും കെ രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.