മാസപ്പടിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുക്കുമെന്ന് വിവരം. എസ്എഫ്‌ഐഒയോട് ഇഡി കേസുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് കല്ലപ്പണം തടയുന്നതിനുള്‌ല നിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് ഇഡിയുടെ നിരീക്ഷണം. ഇഡി കേസ് രജിസ്റ്റര്‍ ചെയ്യും. രേഖകള്‍ കിട്ടിയതിന് ശേഷമായിരിക്കും നടപടികളിലേക്ക് നീങ്ങുക. ഇഡി ഉദ്യോഗസ്ഥരെ ക്വാട്ട് ചെയ്ത് കൊണ്ട് ഡല്‍ഹിയില്‍ നിന്ന് പ്രധാനപ്പെട്ട ദേശീയ ദിനപത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്.
അതിനിടെ എസ്എഫ്‌ഐഒയുടെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും. ഉച്ചയ്ക്ക് രണ്ടരയോടെയായിരിക്കും ഹര്‍ജികളില്‍ വാദം കേള്‍ക്കുക. ഹര്‍ജിയില്‍ എസ്എഫ്‌ഐഒയ്ക്കും കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിനും കോടതി നോട്ടീസ് അയച്ചിരുന്നു. സിഎംആര്‍എല്ലിനായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഇന്ന് ഹാജരാകും. കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് സിഎംആര്‍എല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ വിചാരണ തുടങ്ങരുതെന്നും എസ്എഫ്‌ഐഒ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയോ എന്ന് വ്യക്തമാക്കാന്‍ കേന്ദ്രത്തോട് നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മാസപ്പടിക്കേസില്‍ വീണാ വിജയനെ പ്രതി ചേര്‍ത്തുള്ള കുറ്റപത്രം എസ്എഫ്‌ഐഒ സമര്‍പ്പിച്ചത്. യാതൊരു സേവനവും നല്‍കാതെ വീണ പണം കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. വീണയുടെ എക്‌സാലോജിക് കമ്പനി 2.70 കോടി രൂപ കൈപ്പറ്റിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് വീണയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.