മലപ്പുറം ചട്ടിപ്പറമ്പില്‍ വീട്ടിലെ പ്രസവത്തില്‍ യുവതി മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പൊലീസ് കസ്റ്റഡിയില്‍. അസ്മയുടെ പ്രസവം എടുക്കാന്‍ സഹായിച്ച ഒതുക്കുങ്ങല്‍ സ്വദേശി ഫാത്തിമയെയാണ് മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ അസ്മയുടെ ഭര്‍ത്താവ് സിറാജ്ജുദ്ദിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
എറണാകുളം പെരുമ്പാവൂര്‍ സ്വദേശിയായ അസ്മയാണ് മലപ്പുറത്തെ വാടക വീട്ടില്‍ പ്രസവത്തിനിടെ മരിച്ചത്. അക്യുപഞ്ചര്‍ ചികിസ്തയ്ക്കിടെയായിരുന്നു മരണം. ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കാന്‍ വൈകിയതാണ് മരണ കാരണമെന്ന് കുടുംബം പരാതിയുമായി രംഗത്തെത്തിയിരുന്നു. അതേസമയം അസ്മയുടെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.
അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു. ആദ്യ രണ്ട് പ്രസവങ്ങള്‍ ആശുപത്രിയിലായിരുന്നു. പിന്നീടാണ് അസ്മയും ഭര്‍ത്താവ് സിറാജുദ്ദീനും അക്യുപഞ്ചര്‍ ചികിത്സാ രീതി പഠിച്ചത്. തുടര്‍ന്നുള്ള മൂന്ന് പ്രസവങ്ങളും വീട്ടില്‍ തന്നെയായിരുന്നു. ശനിയാഴ്ച് ആറ് മണിയോടെയാണ് അസ്മ പ്രസവിച്ചത്. ഒപ്പം ഭര്‍ത്താവ് മാത്രമാണ് ഉണ്ടായിരുന്നത്. ഒമ്പത് മണിയോടെ അസ്മ മരിച്ചു. നവജാത ശിശുവിനേയും മറ്റ് മക്കളേയും കൂട്ടിയാണ് സിറാജുദ്ദീന്‍ ആംബുലന്‍സില്‍ പെരുമ്പാവൂരിലേക്ക് തിരിച്ചത്.
ആംബുലന്‍സ് ഡ്രൈവര്‍ കാര്യമന്വേഷിച്ചപ്പോള്‍ ഭാര്യക്ക് ശ്വാസം മുട്ടലെന്ന് പറഞ്ഞ് മരണം മറച്ചു വച്ചുവെന്നും പൊലീസ് കണ്ടെത്തി. രാത്രി 12 മണിക്കാണ് അസ്മ മരിച്ചുവെന്ന് വീട്ടുകാരെ വിളിച്ചറിയിച്ചത്. ഒന്നരവര്‍ഷം മുന്‍പാണ് സിറാജുദ്ദീനും അസ്മയും മലപ്പുറം ചട്ടിപ്പറമ്പിലെ വാടക വീട്ടില്‍ താമസമാക്കുന്നത്. സിദ്ധ വൈദ്യവും മന്ത്ര വാദ ചികിത്സയും ചെയ്തിരുന്ന ആളായിരുന്നു സിറാജുദ്ദീന്‍. മടവൂര്‍ ഖലീഫ എന്ന യൂട്യൂബ് ചാനലിലൂടെ മന്ത്രവാദ ചികിത്സയും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുന്ന വീഡിയോകളും ഇയാള്‍ ചെയ്തിരുന്നു.