ഡല്‍ഹിയില്‍ പാക് ചാര സംഘടനയുടെ ആക്രമണ പദ്ധതി രഹസ്യന്വേഷണ ഏജന്‍സികള്‍ തകര്‍ത്തു. ഐഎസ്‌ഐ ചാരന്‍ അന്‍സാറുല്‍ മിയ അന്‍സാരി അടക്കം രണ്ടുപേര്‍ പിടിയിലായി. നിര്‍ണായക രേഖകളും കണ്ടെത്തി. ഡല്‍ഹിയിലെ പാക് ഹൈ കമ്മീഷന്‍ ഉദ്യോഗസ്ഥരും ശൃംഖലയില്‍ ഭാഗമാണെന്നാണ് സൂചന.
മൂന്ന് മാസത്തെ അന്വേഷണത്തിന് പിന്നാലെയായിരുന്നു ഇവരുടെ അറസ്റ്റ് ഉണ്ടായത്. ഡല്‍ഹിയിലെ സൈനിക കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ഈ സംഘം ശേഖരിച്ചിരുന്നു. യൂട്യൂബറായ ജ്യോതി മല്‍ഹോത്ര അടക്കമുള്ളവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്ന ഡാനിഷ്, മുസമ്മില്‍ എന്നിവരും ഈ പദ്ധതിയില്‍ പങ്കാളികളായിരുന്നു എന്നാണ് കരുതപ്പെടുന്നത്.
ജനുവരിയിലാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ആക്രമണ സാധ്യതയെ സംബന്ധിച്ച് വിവരം ലഭിച്ചത്. ഐഎസ്ഐ നിയോഗിച്ച അന്‍സാറുല്‍ മിയ അന്‍സാരി എന്ന ചാരന്‍ ചില പ്രധാനപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാന്‍ ഡല്‍ഹിയിലെത്തും എന്നായിരുന്നു വിവരം. എന്നാല്‍ ഇതില്‍ സ്ഥിരീകരണം ലഭിക്കാനും മറ്റ് നീക്കങ്ങള്‍ നടത്താനും രഹസ്വാന്വേഷണ വിഭാഗം ഫെബ്രുവരി വരെ കാത്തിരുന്നു. ഫെബ്രുവരി 15ന് ഇയാള്‍ ഡല്‍ഹിയിലെത്തുകയും വിവരങ്ങള്‍ കൈപ്പറ്റുകയും ചെയ്തു. ശേഷം തിരിച്ചുപോകാന്‍ ശ്രമിക്കുമ്പോള്‍ പിടിയിലാകുകയായിരുന്നു. ഒരാള്‍ കൂടി നിലവില്‍ പിടിയിലായതോടെയാണ് വാര്‍ത്ത പുറംലോകമറിഞ്ഞത്.