ഏഴ് മാസത്തിനിടെ 25 പുരുഷന്മാരെ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയ 23കാരി അറസ്റ്റില്‍. ജയ്പൂരിലാണ് സംഭവം. പുരുഷന്മാരെ വിവാഹം കഴിച്ചശേഷം ഏതാനുംദിവസം ഒപ്പംതാമസിച്ച് പണവും സ്വര്‍ണവുമായി മുങ്ങുന്ന വിവാഹത്തട്ടിപ്പുകാരിയാണ് പിടിയിലായത്. അനുരാധ പാസ്വാന്‍ എന്ന യുവതിയെയാണ് സവായ് മധോപൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
വിവാഹ റാക്കറ്റിന്റെ ഭാഗമായിരുന്ന യുവതി ഏഴ് മാസത്തിനുള്ളില്‍ വിവിധ സംസ്ഥാനങ്ങളിലായി 25 വ്യത്യസ്ത പുരുഷന്മാരെ വിവാഹം കഴിച്ചു. തട്ടിപ്പിനിരയായ സവായ് മധോപോര്‍ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് യുവതിയെ പൊലീസ് പിടികൂടിയത്. വിവാഹം വൈകിയ യുവാക്കളെ കണ്ടെത്തി ഇവര്‍ വിവാഹം ചെയ്യും. പിന്നീട് അവരുടെ വിലപിടിപ്പുള്ള വസ്തുക്കളുമായി മുങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിലെ ഒരു ആശുപത്രിയില്‍ മുമ്പ് ജോലി ചെയ്തിരുന്ന അനുരാധ, കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ് ഭോപ്പാലിലേക്ക് താമസം മാറുകയായിരുന്നു. പിന്നീട് പ്രാദേശിക ഏജന്റുമാരുടെ ശൃംഖലയിലൂടെ പ്രവര്‍ത്തിക്കുന്ന വിവാഹ തട്ടിപ്പുകാരുടെ സംഘത്തില്‍ പങ്കാളിയായി. പിന്നീട് വിവാഹത്തട്ടിപ്പ് തുടങ്ങി.
വിവാഹം നടത്തിക്കഴിഞ്ഞാല്‍, വധു ആഴ്ചയ്ക്കുള്ളില്‍ ഒളിച്ചോടും. തട്ടിപ്പുസംഘത്തിലെ റോഷ്നി, രഘുബീര്‍, ഗോലു, മജ്ബൂത് സിംഗ് യാദവ്, അര്‍ജന്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. യുവതിയെ പിടികൂടാന്‍ സഹായകമായത് ഒരു പൊലീസുകാരന്റെ ഇടപെടലാണ്. വരനായി വേഷംമാറി ഒരു രഹസ്യ കോണ്‍സ്റ്റബിള്‍ യുവതിയെ വിവാഹം കഴിക്കാന്‍ എത്തുകയായിരുന്നു. പിന്നാലെയാണ് അനുരാധ അറസ്റ്റിലാകുന്നത്.