CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Minutes 31 Seconds Ago
Breaking Now

കോഡ് ഭാഷയില്‍ ഐഎസ് ഏജന്റുമായി ചാറ്റ്, ഇന്ത്യയിലെ ബ്ലാക്ക് ഔട്ട് വിവരങ്ങളും ജ്യോതി ചോര്‍ത്തി

പാകിസ്ഥാന്‍ ഭീകര വാദ കേന്ദ്രങ്ങള്‍ തകര്‍ത്ത് ഇന്ത്യ നടത്തിയ സിന്ദൂര്‍ ഓപ്പറേഷനെയും, ആ സമയത്തെ ഇന്ത്യയിലെ സാഹചര്യങ്ങളെ കുറിച്ചും ജ്യോതി ഡാനിഷിന് പങ്കുവെച്ചതായാണ് എന്‍ഐഎ കണ്ടെത്തിയത്.

പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചതിന് അറസ്റ്റിലായ ഹരിയാനയിലെ ഹിസാറില്‍ നിന്നുള്ള ട്രാവല്‍ വ്ളോഗറും യൂട്യൂബറുമായ ജ്യോതി മല്‍ഹോത്രയുടെ ചാറ്റുകള്‍ പുറത്ത്. പാകിസ്ഥാനെതിരായ ഓപ്പറേഷന്‍ സിന്ദൂറിന് തൊട്ടുമുമ്പായി ഇന്ത്യയില്‍ ബ്ലാക്ക് ഔട്ട് ഏര്‍പ്പെടുത്തിയതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ജ്യോതി പാക് ഏജന്റുമാര്‍ക്ക് ചോര്‍ത്തിനല്‍കിയതായി എന്‍.ഐ.എ കണ്ടെത്തി. ഇന്ത്യയിലെ ചാരവൃത്തിയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് രാജ്യത്തുനിന്ന് പുറത്താക്കിയ ദില്ലിയിലെ പാക് മുന്‍ ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥന്‍ ഡാനിഷുമായി നടത്തിയ ചാറ്റിങ്ങിലാണ് ഇക്കാര്യങ്ങള്‍ ജ്യോതി പങ്കുവച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

പാകിസ്ഥാന്‍ ഭീകര വാദ കേന്ദ്രങ്ങള്‍ തകര്‍ത്ത് ഇന്ത്യ നടത്തിയ സിന്ദൂര്‍ ഓപ്പറേഷനെയും, ആ സമയത്തെ ഇന്ത്യയിലെ സാഹചര്യങ്ങളെ കുറിച്ചും ജ്യോതി   ഡാനിഷിന് പങ്കുവെച്ചതായാണ് എന്‍ഐഎ കണ്ടെത്തിയത്. പാക് ചാരസംഘടനയായ ഐഎസ്‌ഐ ഏജന്റ് അലി ഹസനുമായി ജ്യോതി നടത്തിയ വാട്ട്‌സ്ആപ്പ് ചാറ്റുകളുടെ വിവരങ്ങളും പുറത്തായി. പാകിസ്ഥാനെ പ്രശംസിക്കുകയും പാക് പൗരനുമായി വിവാഹം കഴിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതായും എന്‍ഐഎ കണ്ടെത്തിയ വാട്ട്‌സ് ആപ് ചാറ്റില്‍ പറയുന്നു. ഐഎസ്‌ഐ ഏജന്റായ അലി ഹസനുമായി ജ്യോതി നിരന്തരം ബന്ധപ്പെട്ടിരുന്നതിനും അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

രഹസ്യവിവരങ്ങള്‍ കൈമാറുന്നതിനായി കോഡ് ഭാഷയിലാണ് ഇവരുടെ സംഭാഷണങ്ങള്‍. പാകിസ്ഥാനുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്നാണ് ഇവര്‍ ചാറ്റില്‍ പറഞ്ഞത്. അധികം വൈകാതെ തന്നെ ബംഗ്ലാദേശ് സന്ദര്‍ശിക്കാനും ജ്യോതി പ്ലാനിട്ടിരുന്നെന്നും അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ ചാരപ്രവര്‍ത്തിക്ക് ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തതിനാല്‍ യാത്ര മുടങ്ങി. ബംഗ്ലാദേശ് വിസയ്ക്ക് വേണ്ടിയുള്ള അപേക്ഷാ ഫോമുകള്‍ പൊലീസ് ഇവരില്‍നിന്ന് കണ്ടെടുത്തു. പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് സൈനിക രഹസ്യങ്ങളടക്കം ചോര്‍ത്തിയതിന് അറസ്റ്റിലായവരില്‍ പ്രധാനിയാണ് ഹരിയാന ഹിസാര്‍ സ്വദേശിയായ ട്രാവല്‍ വ്ളോഗറും യൂട്യൂബറുമായ ജ്യോതി മല്‍ഹോത്ര.

ട്രാവല്‍ വിത്ത് ജോ  എന്ന യൂട്യൂബ് ചാനലില്‍ പാകിസ്ഥാന്‍ സന്ദശിച്ച നിരവധി വീഡിയോകള്‍ ഇവര്‍ പോസ്റ്റ് ചെയ്തിരുന്നു. ആകെ 487 വീഡിയോകള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്തതില്‍ മിക്കവയും പാക്കിസ്ഥാനും തായ്‌ലാന്‍ഡും ബംഗ്ലാദേശുമൊക്കെ സന്ദര്‍ശിച്ചവയാണ്. കൊവിഡ് കാലത്ത് ജോലി ഉപേക്ഷിച്ചാണ് മുഴുവന്‍ സമയ വ്‌ലോഗറായി 33 കാരിയായ ജ്യോതി രംഗത്തെത്തുന്നത്. ഹരിയാന പൊലീസ് രെജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ജ്യോതി റാണിയെന്നാണ് യഥാര്‍ത്ഥ പേര്.

 




കൂടുതല്‍വാര്‍ത്തകള്‍.