എസ്ബിഐ മാനേജര്‍ കന്നഡയില്‍ സംസാരിക്കാന്‍ വിസമ്മതിച്ചതോടെ കയര്‍ത്ത് ഉപഭോക്താവ്. 'ഇത് കര്‍ണാടകയാണ്' എന്ന് കസ്റ്റമര്‍ ഓര്‍മിപ്പിച്ചപ്പോള്‍ 'ഇത് ഇന്ത്യയാണ്' എന്നായിരുന്നു വനിതാ മാനേജരുടെ മറുപടി. ചന്ദപുരയില്‍ നിന്നുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
'ഇത് കര്‍ണാടകയാണ്' എന്ന് ഉപഭോക്താവ് പറഞ്ഞപ്പോള്‍ 'നിങ്ങളല്ല എനിക്ക് ജോലി തന്നത്' എന്നായിരുന്നു എസ്ബിഐ മാനേജരുടെ മറുപടി. 'ഇത് കര്‍ണാടകയാണ്, മാഡം' എന്ന് കസ്റ്റമര്‍ വീണ്ടും പറഞ്ഞപ്പോള്‍ 'ഇത് ഇന്ത്യയാണ്' എന്ന് മാനേജര്‍ വീണ്ടും പറഞ്ഞു. 'ആദ്യം കന്നഡ മാഡം' എന്ന് കസ്റ്റമര്‍ വീണ്ടും പറഞ്ഞപ്പോള്‍ 'ഞാന്‍ നിങ്ങള്‍ക്കായി കന്നഡ സംസാരിക്കില്ല' എന്നായിരുന്നു മാനേജറുടെ മറുപടി. അപ്പോള്‍ 'നിങ്ങള്‍ ഒരിക്കലും കന്നഡയില്‍ സംസാരിക്കില്ലേ?' എന്ന് കസ്റ്റമര്‍ ആവര്‍ത്തിച്ചു ചോദിച്ചു. 'ഇല്ല ഞാന്‍ ഹിന്ദിയില്‍ സംസാരിക്കും' എന്ന് മാനേജര്‍ ശഠിച്ചു.
'കന്നട, ഹിന്ദി' എന്ന് ഇരുവരും ഏതാനും മിനിറ്റുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. രണ്ട് പേരും അവരവരുടെ നിലപാടില്‍ ഉറച്ചുനിന്നു. ഓരോ സംസ്ഥാനത്തും അതത് ഭാഷ സംസാരിക്കണമെന്ന് ആര്‍ബിഐ നിയമമുണ്ടെന്ന് ഉപഭോക്താവ് മാനേജരെ ഓര്‍മിപ്പിച്ചു.
എന്നിട്ടും 'ഞാന്‍ ഒരിക്കലും കന്നഡ സംസാരിക്കില്ല' എന്ന് ബാങ്ക് മാനേജര്‍ ആവര്‍ത്തിച്ചു. 'സൂപ്പര്‍, മാഡം, സൂപ്പര്‍' എന്ന് ഉപഭോക്താവ് പരിഹാസത്തോടെ മറുപടി പറഞ്ഞു. ഇരുവരുടെയും സംഭാഷണം സോഷ്യല്‍ മീഡിയയില്‍ എത്തി. ഈ ബാങ്ക് മാനേജര്‍ക്കെതിരെ നടപടി വേണമെന്ന് വീഡിയോ ഷെയര്‍ ചെയ്ത് നിരവധി പേര്‍ അഭ്യര്‍ത്ഥിച്ചു.
'ഇത് ചന്ദപുരയിലെ എസ്ബിഐ ബ്രാഞ്ചാണ്, നിങ്ങള്‍ എല്ലാവരും ഈ ബ്രാഞ്ചിനെ ഒരു പാഠം പഠിപ്പിക്കണം, നാമെല്ലാവരും ഐക്യപ്പെടണം' എന്നാണ് വീഡിയോ ഷെയര്‍ ചെയ്ത് ഒരാള്‍ പറഞ്ഞത്. കന്നഡ അനുകൂല ഗ്രൂപ്പുകള്‍ ബാങ്കിലേക്ക് പ്രതിഷേധ പ്രകടനം നടത്താന്‍ തീരുമാനിച്ചു.