ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ഏപ്രില്‍ 22ന് പാകിസ്ഥാന്‍ നടത്തിയ ഭീകരാക്രമണവും തുടര്‍ന്നുണ്ടായ സംഘര്‍ഷവും ഇന്ത്യന്‍ ജനതയെ ആഴത്തില്‍ സ്വാധീനിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ പാകിസ്ഥാനും അവരെ സഹായിച്ച തുര്‍ക്കിക്കും എതിരായ ജനവികാരം ഇന്ത്യയില്‍ ഉടലെടുത്തിട്ടുണ്ട്. ഇതിന്റെ ഒടുവിലുത്തെ ഉദാഹരണമാണ് രാജസ്ഥാനിലെ ജയ്പൂരില്‍ നിന്ന് പുറത്തുവരുന്നത്.
മധുര പലഹാരങ്ങള്‍ക്ക് പ്രസിദ്ധിയാര്‍ജ്ജിച്ച രാജസ്ഥാനില്‍ മൈസൂര്‍ പാക്കിന്റെ പേര് മാറ്റി മൈസൂര്‍ ശ്രീ എന്നാക്കി മാറ്റിയിട്ടുണ്ട്. ജയ്പൂരിലെ ചില മധുരപലഹാരങ്ങള്‍ വില്‍ക്കുന്ന വ്യാപാരികളുടേതാണ് തീരുമാനം. മധുരപലഹാരങ്ങളുടെ പേരിലെ പാക്ക് മാറ്റിയെന്നും പകരം ശ്രീ എന്ന് ചേര്‍ത്തതായും കടയുടമകള്‍ പറയുന്നു.
മോട്ടി പാക്ക്, ഗോണ്ട് പാക്ക് എന്നിവയുടെ പേരില്‍നിന്നും പാക്ക് മാറ്റി മോട്ടി ശ്രീ, ഗോണ്ട് ശ്രീ എന്നിങ്ങനെയാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം പുറത്തുവന്നത്. രാജസ്ഥാനിലെ മുന്തിയ മധുരപലഹാരങ്ങള്‍ വില്‍ക്കുന്ന ത്യോഹാര്‍ സ്വീറ്റ്സ് എന്ന കടയില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
രാജ്യത്തോടുള്ള സ്നേഹം അതിര്‍ത്തികളില്‍ മാത്രമല്ല നിലനില്‍ക്കുന്നത്, ഓരോ പൗരന്റെയും മനസിലും കൂടിയാണ്. അതുകൊണ്ടാണ് ഞങ്ങള്‍ വില്‍ക്കുന്ന പലഹാരങ്ങളില്‍ നിന്ന് 'പാക്ക്' എന്ന പദം മാറ്റി അതേ അര്‍ത്ഥം വരുന്ന മറ്റൊരു പദം ചേര്‍ത്തതെന്ന് ത്യോഹാര്‍ സ്വീറ്റ്സ് ഉടമ പറയുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പാക്ക് എന്ന പേരിന് പാകിസ്ഥാനുമായി ഒരു ബന്ധവുമില്ല.
കന്നഡയില്‍ മധുരത്തിന് പാക്ക് എന്നാണ് അര്‍ഥമാക്കുന്നത്. കര്‍ണാടകയിലെ മൈസൂരിന്റെ പേരിലാണ് മധുരപലഹാരമായ മൈസൂര്‍ പാക്ക് അറിയപ്പെട്ടിരുന്നത്. ജയ്പൂരിലെ വ്യാപാരികളുടെ തീരുമാനത്തിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നെറ്റിസണ്‍സ് രംഗത്തെത്തിയിട്ടുണ്ട്.