മദ്യപാനിയായ ഭര്‍ത്താവിനെ വിഷം നല്‍കി കൊലപ്പെടുത്തുകയും പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ മൃതദേഹം കത്തിക്കുകയും ചെയ്ത സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കൂടിയായ യുവതി അറസ്റ്റില്‍. നാഗ്പൂര്‍ യവത്മാളിലെ സണ്‍റൈസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപകനായ ശാന്തനു ദേശ്മുഖാണ് (32) കൊല്ലപ്പെട്ടത്. അതേ സ്‌കൂളിലെ പ്രിന്‍സിപ്പലായ നിധി ദേശ് മുഖാണ് (24 ) കുറ്റസമ്മതം നടത്തിയത്. വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ 15ന് ചൗസാല വനമേഖലയില്‍ നിന്ന് തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. ഫോറന്‍സിക് അനാലിസിസ് അടക്കമുള്ള പരിശോധനയിലൂടെ മരിച്ചത് ശാന്തനുവാണെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്നാണ് നിധി പിടിയിലായത്.
അമിതമായി മദ്യപിച്ചിരുന്ന ശാന്തനുവിന്റെ പെരുമാറ്റത്തില്‍ നിധി അസ്വസ്ഥയായിരുന്നു. 13 ന് രാത്രിയാണ് കൊലപാതകം നടത്തിയത്.
മൃതദേഹം ഉപേക്ഷിക്കാനായി മൂന്നു വിദ്യാര്‍ത്ഥികളുടെ സഹായം തേടുകയായിരുന്നു. പിറ്റേന്ന് പുലര്‍ച്ചെ നാലുപേരും കൂടിയാണ് ആളൊഴിഞ്ഞ സ്ഥലത്ത് മൃതദേഹം തള്ളിയത്. ആരെങ്കിലും തിരിച്ചറിയുമെന്ന ഭയത്തില്‍ അന്നു രാത്രി വീണ്ടും സ്ഥലത്തെത്തി മൃതദേഹത്തില്‍ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.