ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ രാജ്യമൊട്ടാകെ തുര്‍ക്കിക്കെതിരെ തുടരുന്ന ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ക്കിടെ മുംബൈയില്‍ നിന്നും തുര്‍ക്കിയിലേക്കുള്ള വിമാനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യം. ശിവസേന നേതാവും സാമൂഹ്യ മാധ്യമങ്ങളുടെ ചുമതലയുമുളള രാഹൂല്‍ കനല്‍ ആണ് വിമാനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് രംഗത്തുവന്നത്.
ഇക്കാര്യം ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, ഗവര്‍ണര്‍ സി പി രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് രാഹൂല്‍ കത്തയച്ചു. ഭീകരവാദത്തെ അപലപിക്കുന്നത് വരെയും പാകിസ്താനെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കുന്നത് വരെയും തുര്‍ക്കിയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കണമെന്നാണ് ആവശ്യം.
'മുംബൈ ഇന്ത്യയുടെ ടൂറിസം മേഖലയ്ക്ക് തന്നെ വലിയ സംഭാവന നല്‍കുന്ന നഗരമാണ്. രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ എടുക്കുമ്പോഴും മുംബൈക്ക് പ്രധാന സ്ഥാനമുണ്ട്. തുര്‍ക്കിയില്‍ ടൂറിസ്റ്റുകളായി എത്തുന്നത് പ്രധാനമായും ഇന്ത്യക്കാരാണ്. എന്നാല്‍ ഭീരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിനെതിരായി, പാകിസ്താന് പിന്തുണ നല്‍കിയിരിക്കുകയാണ് തുര്‍ക്കി. ഈ സാഹചര്യത്തില്‍ മുംബൈയില്‍ നിന്നും തുര്‍ക്കിയിലേക്കുളള എല്ലാ വിമാനങ്ങളും നിര്‍ത്തിവെക്കണമെന്ന് ഞാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്'; എന്നായിരുന്നു രാഹൂലിന്റെ കത്ത്. ദേശ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഈ നീക്കം പ്രധാനമായിരിക്കുമെന്നും രാഹൂല്‍ അവകാശപ്പെട്ടു. ഈ നീക്കത്തിന് പുറമെ തുര്‍ക്കിക്ക് നേരെ ഉപരോധങ്ങള്‍ പ്രഖ്യാപിക്കണമെന്നും രാഹൂല്‍ ആവശ്യപ്പെട്ടു. നയതന്ത്ര നീക്കങ്ങള്‍, തുര്‍ക്കിയുമായുള്ള ബന്ധങ്ങള്‍ നിര്‍ത്തുവെക്കുക, സാമ്പത്തിക ഉപരോധങ്ങള്‍ എന്നിവയാണ് രാഹൂല്‍ ആവശ്യപ്പെടുന്നത്.