യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നേഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് കാന്തപുരത്തിന്റെ ഓഫീസ്. ചര്‍ച്ചയില്‍ പങ്കെടുത്ത യമന്‍ പണ്ഡിതര്‍ ഇക്കാര്യം അറിയിച്ചതായാണ് കാന്തപുരത്തിന്റെ ഓഫീസ് വ്യക്തമാക്കുന്നത്. ദയാധനത്തിന്റെ കാര്യത്തില്‍ അന്തിമ ധാരണയായിട്ടില്ല. എന്നാല്‍ മാപ്പു നല്‍കാമെന്ന് ചര്‍ച്ചയില്‍ ധാരണയായി. അന്തിമ ധാരണ ഏതാനും മണിക്കൂറുകള്‍ക്കകം ഉണ്ടാകുമെന്നാണ് പണ്ഡിതര്‍ അറിയിച്ചതെന്നും കാന്തപുരത്തിന്റെ ഓഫീസ് വ്യക്തമാക്കി.
അതേസമയം നിമിഷപ്രിയയുടെ വധശിക്ഷ റദാക്കി എന്ന വാര്‍ത്ത നിഷേധിച്ച് തലാലിന്റെ സഹോദരന്‍ രംഗത്തെത്തി. ആരുമായി ചര്‍ച്ച നടത്തിയെന്ന് കാന്തപുരം വ്യക്തമാക്കണം. വാര്‍ത്ത തെറ്റെന്ന് നിമിഷപ്രിയയുടെ അഭിഭാഷകനെന്ന് അവകാശവാദമുന്നയിച്ച സാമൂവല്‍ ജെറോമും പറഞ്ഞു. പ്രചരണം നിര്‍ഭാഗ്യകരമാണെന്നും പരസ്യ സംവാദത്തിന് തയ്യാറാണായെന്നും അദ്ദേഹം വെല്ലുവിളിച്ചു.
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ രംഗത്തെത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നതില്‍ പുതിയ തിയതി നിശ്ചയിക്കണം എന്നാവശ്യപ്പെട്ടു കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കത്ത് നല്‍കി. ഈ കത്ത് തലാലിന്റെ സഹോദരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു. നേരത്തേയും, സഹോദരന്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.