ഛത്തീസ്ഗഡിലെ കന്യാസ്ത്രീ വിഷയത്തില്‍ സിബിസിഐയെ പരോക്ഷമായി വിമര്‍ശിച്ച കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെതിരെ ആഞ്ഞടിച്ച് ജോണ്‍ ബ്രിട്ടാസ് എംപി. കത്തോലിക്കാസഭയെ മുന്‍നിര്‍ത്തി മന്ത്രി സ്ഥാനത്തേയ്ക്ക് എത്തിയ വ്യക്തിയാണ് ജോര്‍ജ് കുര്യനെന്നും എന്നാല്‍ കേരളത്തിലെ ക്രൈസ്തവരെ ജോര്‍ജ് കുര്യനും മറ്റുള്ളവരും ചേര്‍ന്ന് പറ്റിക്കുകയാണെന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.
ജോര്‍ജ് കുര്യന്റേത് മന്ത്രിസ്ഥാനം നിലനിര്‍ത്താനുള്ള ഗതികേടാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. സിബിസിഐയെ കുറ്റപ്പെടുത്തിയ ജോര്‍ജ് കുര്യന്‍ കന്യാസ്ത്രീകള്‍ക്കായി എന്ത് ചെയ്തുവെന്ന് വ്യക്തമാക്കണം. ക്രൈസ്തവ സമൂഹത്തോട് ജോര്‍ജ് കുര്യന്‍ മാപ്പ് പറയണമെന്നും ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടു. കന്യാസ്ത്രീകളുടെ ജാമ്യം തടയാന്‍ ഛത്തീസ്ഗഡ് സര്‍ക്കാരും പൊലീസും ശ്രമിക്കുകയാണ്. പെണ്‍കുട്ടിയുടെ മൊഴി മാറ്റാനുള്ള തീവ്രശ്രമം നടക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ കുടുംബത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്നും ജോണ്‍ ബ്രിട്ടാസ് എംപി ആരോപിച്ചു.
വിഷയത്തില്‍ പ്രതികരിക്കാത്ത കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെയും ജോണ്‍ ബ്രിട്ടാസ് ആഞ്ഞടിച്ചു. മാതാവിന് കിരീടവുമായി ചിലപ്പോള്‍ കേരളത്തില്‍ എത്തിയേക്കാമെന്നും എന്നാല്‍ ഈ വിഷയത്തില്‍ സുരേഷ് ഗോപി മിണ്ടിയതായി കണ്ടില്ലെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ക്രൈസ്തവ രക്ഷിക്കാന്‍ തങ്ങള്‍ ഉണ്ടെന്നാണ് ബിജെപി പറഞ്ഞിരുന്നത്. ക്രൈസ്തവരെ പാട്ടിലാക്കാനുള്ള ബിജെപിയുടെ ഗൂഢലക്ഷ്യത്തിന്റെ പ്രധാന ഉപഭോക്താവാണ് ജോര്‍ജ് കുര്യന്‍.
ബിജെപിയുടെ ചെമ്പ് പുറത്തുവന്നുവെന്നും ജോണ്‍ ബ്രിട്ടാസ് എംപി കൂട്ടിച്ചേര്‍ത്തു.
നേരത്തേ സിബിസിഐക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ജോര്‍ജ് കുര്യന്‍ രംഗത്തെത്തിയിരുന്നു. ഉത്തരവാദിത്വപ്പെട്ടവര്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും രണ്ട് സംസ്ഥാനങ്ങളിലെ ജനങ്ങളെ തമ്മില്‍ അടുപ്പിക്കരുതെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞിരുന്നു. സിസ്റ്റര്‍മാരുടെ ജാമ്യ ഹര്‍ജി ആരുടേതാണെന്ന് അറിയില്ല. സിസ്റ്റര്‍മാരുടെ വക്കാലത്ത് ഇല്ലാതെയാണ് ജാമ്യ ഹര്‍ജി നല്‍കിയത്. ഉത്തരവാദിത്വപ്പെട്ടവര്‍ ഛത്തീസ്ഗഡില്‍ എത്തണം. ഉത്തരവാദിത്വപ്പെട്ടവരും ചാനലില്‍ പ്രത്യക്ഷപ്പെട്ടവരും ആരും അവിടെയില്ല. ഇവര്‍ കോണ്‍ഗ്രസുകാരെ വിഷയം ഏല്‍പ്പിച്ചാല്‍ എങ്ങനെ കാര്യം നടക്കുമെന്നും ജോര്‍ജ് കുര്യന്‍ ചോദിച്ചിരുന്നു.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരായിരുന്നു അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം മൂന്ന് പെണ്‍കുട്ടികളുമുണ്ടായിരുന്നു. ഈ പെണ്‍കുട്ടികളെ കടത്തുകയാണെന്നും നിര്‍ബന്ധിത പരിവര്‍ത്തനത്തിനിരയാക്കുകയാണെന്നും ആരോപിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് രംഗത്തെത്തിയത്. കന്യാസ്ത്രീകളെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ നിര്‍ബന്ധിത പരിവര്‍ത്തനം, മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റര്‍ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയാണ്.