ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവത്തില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ക്രിസ്മസിനും ഈസ്റ്ററിനും കേക്കുമായി ക്രിസ്തീയ ദേവാലയങ്ങളിലും വീടുകളിലും എത്തുന്ന ബിജെപി നേതാക്കള്‍ക്ക് ഇതുസംബന്ധിച്ച് എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്ന് ദേശാഭിമാനി ദിനപത്രത്തിന്റെ എഡിറ്റ് പേജില്‍ എഴുതുന്ന നേര്‍വഴി എന്ന പ്രതിവാര ലേഖനത്തില്‍ എം വി ഗോവിന്ദന്‍ ചൂണ്ടിക്കാണിച്ചു. കേരളത്തില്‍ കേക്കും ഉത്തരേന്ത്യയില്‍ കൈവിലങ്ങും മര്‍ദനവും എന്ന സമീപനം സ്വീകരിക്കുന്ന ബിജെപി ആട്ടിന്‍തോലണിഞ്ഞ ചെന്നായയാണെന്ന കാര്യം ഇനിയെങ്കിലും ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണമെന്നും ലേഖനം വ്യക്തമാക്കുന്നുണ്ട്.
കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയെയും ജോര്‍ജ് കുര്യനെയും ലേഖനത്തില്‍ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും ഈ സിസ്റ്റര്‍മാരുടെ മോചനത്തിന് എന്തു ചെയ്തുവെന്ന ചോദ്യമാണ് എം വി ഗോവിന്ദന്‍ ഉയര്‍ത്തിയിരിക്കുന്നത്.
മന്ത്രി ജോര്‍ജ്ജ് കുര്യനെതിരെ രൂക്ഷവിമര്‍ശനമാണ് ലേഖനത്തില്‍ എം വി ഗോവിന്ദന്‍ ഉന്നയിച്ചിരിക്കുന്നത്. ക്രിസ്ത്യന്‍ വിഭാഗത്തെ ബിജെപിയുമായി അടുപ്പിക്കുകയെന്ന ദൗത്യത്തിന് മന്ത്രിപ്പണി ലഭിച്ച ജോര്‍ജ് കുര്യന്‍ പറഞ്ഞത് നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നാണെന്ന് ചൂണ്ടിക്കാണിച്ചാണ് എം വി ഗോവിന്ദന്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഏത് നിയമത്തെക്കുറിച്ചാണ് ജോര്‍ജ് കുര്യന്‍ പറയുന്നതെന്നും എം വി ഗോവിന്ദന്‍ ചോദിക്കുന്നുണ്ട്. 'ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ പറഞ്ഞുവച്ചതാണോ കുര്യന് നിയമം. മൂന്ന് ആഭ്യന്തര ശത്രുക്കളെക്കുറിച്ചാണ് ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ പറയുന്നത്. മുസ്ലിങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരുമാണ് ഈ ആഭ്യന്തര ശത്രുക്കള്‍. ഈ മൂന്നു വിഭാഗങ്ങളുമുള്ള, സംഘപരിവാര്‍ ശക്തികള്‍ക്ക് ഇനിയും തകര്‍ക്കാന്‍ കഴിയാത്ത കോട്ടയാണ് കേരളമെന്നും ഇതേ ഗോള്‍വാള്‍ക്കര്‍ പറഞ്ഞുവച്ചിട്ടുണ്ട്. ആ കോട്ട തകര്‍ക്കാന്‍ നിയോഗിക്കപ്പെട്ട മന്ത്രി ഇതിലപ്പുറം എന്ത് പറയുമെന്നും' ലേഖനത്തില്‍ എം വി ഗോവിന്ദന്‍ വിമര്‍ശിക്കുന്നുണ്ട്.
വര്‍ഗീയ ധ്രുവീകരണത്തിന് എന്തും ചെയ്യാന്‍ മടിക്കാത്ത ശക്തികളാണ് സിസ്റ്റര്‍മാരെയും തുറുങ്കില്‍ അടച്ചിരിക്കുന്നതെന്നും ലേഖനത്തില്‍ എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തുന്നുണ്ട്. 'ഗ്രഹാംസ്റ്റെയിന്‍സിനെയും രണ്ട് കുട്ടികളെയും ചുട്ടുകൊന്നവരാണിവര്‍. സ്റ്റാന്‍ സ്വാമിയെ ഒരിറക്ക് വെള്ളംപോലും നല്‍കാതെ ജയിലറയിലിട്ട് കൊന്നവരാണിവര്‍. ഗുജറാത്തിലെ ദാംഗ്സിലും ഒഡിഷയിലെ കന്ദമലിലും ക്രൈസ്തവരെ വേട്ടയാടുകയും പള്ളികള്‍ തകര്‍ക്കുകയും കത്തിക്കുകയും ചെയ്തതും ഇവര്‍തന്നെ. അവരാണിപ്പോള്‍ അരമന കയറിയിറങ്ങുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡല്‍ഹിയിലെ സേക്രട്ട് ഹാര്‍ട്ട് പള്ളി സന്ദര്‍ശിക്കുകയും മരം നടുകയും ചെയ്തു. ബിജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ പി നഡ്ഡയും ഇതേ പള്ളി സന്ദര്‍ശിച്ചു. എന്നാല്‍, തെരഞ്ഞടുപ്പ് കഴിഞ്ഞപ്പോള്‍ അവര്‍ തനിനിറം പുറത്തെടുത്തു'വെന്ന രൂക്ഷവിമര്‍ശനം ലേഖനത്തില്‍ ഉന്നയിക്കുന്നുണ്ട്.
ഛത്തീസ്ഗഡില്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങളും ന്യൂനപക്ഷ സംരക്ഷണവുമാണ് കാറ്റില്‍ പറത്തപ്പെട്ടതെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തുന്നുണ്ട്. ബൃന്ദ കാരാട്ട് പറഞ്ഞതുപോലെ ഛത്തീസ്ഗഡില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം ഭരണഘടനയില്‍ വിശ്വസിക്കുന്ന ഓരോ ഇന്ത്യക്കാരനും നേരെയുള്ള ആക്രമണമാണ്. ഭരണഘടനയെ ഒരിക്കലും അംഗീകരിക്കാത്തവര്‍ അതിന്റെ ഉള്ളടക്കത്തെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ പരിശ്രമത്തിലാണ്. ഛത്തീസ്ഗഡിലെ സിസ്റ്റര്‍മാരുടെ അറസ്റ്റും വേട്ടയാടലും സാധാരണ പ്രശ്നമല്ല, മറിച്ച് ഭരണഘടനയെത്തന്നെ തകര്‍ക്കുന്ന വിഷയമാണ്. മതനിരപേക്ഷത, ജനാധിപത്യം, ന്യൂനപക്ഷ സംരക്ഷണം തുടങ്ങി ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ഉന്നതമായ ആശയങ്ങള്‍ സംരക്ഷിക്കാന്‍ വലിയ പോരാട്ടം തന്നെ വേണ്ടിവരുമെന്ന സന്ദേശമാണ് ഛത്തീസ്ഗഡില്‍നിന്ന് ഉയരുന്നത്. അതിനായി രംഗത്തിറങ്ങാന്‍ എല്ലാ ജനാധിപത്യ മതനിരപേക്ഷ വാദികളും തയ്യാറാകണമെന്ന് അഭ്യര്‍ഥിച്ചു കൊണ്ടാണ് എം വി ഗോവിന്ദന്‍ ലേഖനം അവസാനിപ്പിച്ചിരിക്കുന്നത്.