പരേതര്‍ക്കൊപ്പം ചായ കുടിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍?ഗാന്ധി. ബിഹാറില്‍ നിന്നുള്ള ഏഴ് പേരുടെ സംഘത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബുധനാഴ്ച സന്ദര്‍ശിച്ചതാണ് സംഭവം. ബിഹാറില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ 'മരിച്ച വോട്ടര്‍മാര്‍' ആയി പ്രഖ്യാപിച്ചവര്‍ക്കൊപ്പമാണ് രാഹുല്‍ ?ഗാന്ധി ചായ കുടിച്ചത്. ബിഹാറിലെ വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണ (SIR)ത്തിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കുന്നതിനിടെയാണ് മരിച്ചവരുടെ സംഘം ദില്ലിയിലേക്കെത്തിയത്.
ജീവിതത്തില്‍ നിരവധി രസകരമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്, പക്ഷേ 'മരിച്ചവരുമായി' ചായ കുടിക്കാന്‍ ഒരിക്കലും അവസരം ലഭിച്ചിട്ടില്ല. ഈ അതുല്യമായ അനുഭവത്തിന് തെരഞ്ഞെടുപ്പ് കമ്മീഷനോട് നന്ദിയെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു.
വോട്ടര്‍ പട്ടികയില്‍ മരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അവകാശപ്പെട്ട സംഘവുമായി രാഹുല്‍ ഗാന്ധി സംവദിക്കുന്ന വീഡിയോയും പുറത്തുവിട്ടു. വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നഷ്ടപ്പെട്ടതായി എങ്ങനെ അറിഞ്ഞുവെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചപ്പോള്‍, അത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോള്‍ മനസ്സിലായെന്നും ഒരു പഞ്ചായത്തില്‍ കുറഞ്ഞത് 50 കേസുകളെങ്കിലും ഇത്തരം കേസുകളുണ്ടെന്നും അവരില്‍ ഒരാള്‍ പറയുന്നു. ആര്‍ജെഡി മേധാവി തേജസ്വി യാദവിന്റെ മണ്ഡലത്തില്‍ നിരവധി വോട്ടര്‍മാരെ മരിച്ചതായി കാണിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.