ഉത്തര്‍പ്രദേശില്‍ മതിയായ ചികിത്സ ലഭിക്കാതെ യുവാവ് മരിച്ചു. കാന്‍പുര്‍ ദഹത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം നടന്നത്. സുന്ദന്‍ എന്ന 25കാരനാണ് ചികിത്സ ലഭിക്കാതെ മരിച്ചത്. മരണ ശേഷം പതിനൊന്ന് മണിക്കൂറോളം യുവാവിന്റെ മൃതദേഹം ആരും തിരിഞ്ഞുനോക്കാതെ ആശുപത്രി കിടക്കയില്‍ കിടന്നു. മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെയാണ് നീക്കം ചെയ്തത്.
ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ഉച്ചയ്ക്ക് 1.15 ഓടെ അജ്ഞാതരായ ചിലര്‍ ചേര്‍ന്ന് യുവാവിനെ എമര്‍ജന്‍സി വാര്‍ഡില്‍ എത്തിക്കുകയായിരുന്നു. ഈ സമയം യുവാവ് അബോധാവസ്ഥയിലായിരുന്നു. ഡോക്ടര്‍മാര്‍ പരിശോധിക്കുന്നതിനിടെ യുവാവ് തുടരെ ഛര്‍ദ്ദിച്ചു. യുവാവിന്റെ ആരോഗ്യസ്ഥിതി മോശമായതോടെ കാന്‍പുര്‍ ഹാലറ്റ് ആശുപത്രിയിലേക്ക് അടിയന്തരമായി മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എന്നാല്‍ തുടര്‍ നടപടികള്‍ വൈകി. ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. എന്നാല്‍ പൊലീസ് എത്തിയില്ല എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഇതോടെ യുവാവിനെ ആശുപത്രി അധികൃതര്‍ ഉപേക്ഷിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ യുവാവിന്റെ ആരോഗ്യസ്ഥിതി മോശമാകുകയും ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെ മരണം സംഭവിക്കുകയുമായിരുന്നു. മരിച്ചതിന് ശേഷവും പരിഗണന നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. മൃതദേഹം മണിക്കൂറുകളോളം ആശുപത്രി കിടക്കയില്‍ കിടന്നു. മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ മറ്റ് രോഗികള്‍ മുറിവിട്ടു. ഞായറാഴ്ച പുലര്‍ച്ചെ മറ്റ് രോഗികള്‍ അറിയിച്ചതോടെയാണ് ആശുപത്രി അധികൃതര്‍ വിഷയം ഗൗരവത്തിലെടുത്തത്.
വിഷയം അറിഞ്ഞ ജില്ലാ മജിസ്ട്രേറ്റ് ആശുപത്രി സന്ദര്‍ശിക്കുകയും വീഴ്ചയില്‍ അതൃപ്തി അറിയിക്കുകയും ചെയ്തു. സംഭവത്തില്‍ ജില്ലാ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു. മൃതദേഹം എത്രയും വേഗം നീക്കം ചെയ്യാനും മജിസ്ട്രേറ്റ് നിര്‍ദേശിച്ചു. ഇതോടെ ഞായറാഴ്ച രാവിലെ ഒന്‍പത് മണിയോടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.