വോട്ടര്‍പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഇന്നലെ പാര്‍ലമെന്റിന് മുന്നില്‍ എംപിമാര്‍ നടത്തിയ പ്രതിഷേധത്തില്‍ മുഴങ്ങി കേട്ട പേരായിരുന്നു മിന്റ ദേവി. പ്രതിപക്ഷ എംപിമാരുടെ ടീ-ഷര്‍ട്ടുകളില്‍ ഇടം പിടിച്ച മിന്റ ദേവി ആരാണ് എന്ന ചോദ്യവും ഉയര്‍ന്നിരുന്നു. ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ കണ്ടെത്തിയ 124 വയസുള്ള സ്ത്രീയാണ് മിന്റ ദേവി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലുള്ള വോട്ടര്‍ ഐഡി പ്രകാരം മിന്റ ദേവിക്ക് 124 വയസാണ്. ഇതായിരുന്നു ഇന്ത്യാസഖ്യത്തിന്റെ ആയുധം.
ബിഹാറിലെ വോട്ടര്‍ പട്ടിക ക്രമക്കേടിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടരുന്ന വോട്ട് കൊള്ളയുടെയും ഉത്തമ ഉദാഹരണം എന്ന നിലയിലായിരുന്നു മിന്റ ദേവിയുടെ ചിത്രം ഉപയോഗിച്ചത്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീ എന്ന നിലയില്‍ മിന്റ ദേവിയെ ഗിന്നസ് ബുക്കില്‍ ഉള്‍പ്പെടുത്താമെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയുടെ പരിഹാസം. മിന്റ ദേവി യഥാര്‍ത്ഥത്തില്‍ 35 വയസുള്ള സ്ത്രീയാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബിഹാറിലെ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 15 ദിവസമായി പ്രതിപക്ഷം പ്രതിഷേധം നടത്തുകയാണ്. ഒരാള്‍ക്ക് ഒരു വോട്ട് എന്ന ബാനറടക്കം പ്രദര്‍ശിപ്പിച്ചായിരുന്നു ഇന്നലെ പ്രതിഷേധം നടത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക് സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവരായിരുന്നു പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.