ഇന്ത്യാ വിഭജനത്തിന്റെ ഉത്തരവാദികള്‍ മുഹമ്മദ് അലി ജിന്ന, കോണ്‍ഗ്രസ്, മൗണ്ട് ബാറ്റണ്‍ എന്നിവരാണെന്ന് എന്‍സിഇആര്‍ടി. സ്‌കൂള്‍ കുട്ടികള്‍ക്കായി എന്‍സിഇആര്‍ടി തയ്യാറാക്കിയ വിഭജന ഭീകരതാ ഓര്‍മ ദിനം എന്ന സ്‌പെഷ്യല്‍ മൊഡ്യൂളിലാണ് വിഭജനത്തിന്റെ കുറ്റവാളികളോടൊപ്പം കോണ്‍ഗ്രസിന്റെ പേരും ചേര്‍ത്തിരിക്കുന്നത്. വിഭജനം ആവശ്യപ്പെട്ട മുഹമ്മദ് അലി ജിന്ന, അംഗീകരിച്ച കോണ്‍ഗ്രസ്, നടപ്പാക്കിയ മൗണ്ട് ബാറ്റണ്‍ എന്നിവരെയാണ് വിഭജനത്തിന്റെ കുറ്റവാളികളായി മൊഡ്യൂളില്‍ വിശദീകരിച്ചിരിക്കുന്നത്.
ഇന്ത്യാ വിഭജനത്തിന്റെ കുറ്റവാളികള്‍ എന്ന അധ്യായത്തിലാണ് ഈ പരാമര്‍ശം ഉള്ളത്. 1947ല്‍ ജവാഹര്‍ലാല്‍ നെഹ്‌റു നടത്തിയ ഒരു പ്രസംഗത്തിന്റെ ഭാഗവും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വിഭജനം അംഗീകരിക്കുകയോ, അതല്ലെങ്കില്‍ തുടര്‍ച്ചയായ സംഘര്‍ഷങ്ങളും കുഴപ്പങ്ങളും നേരിടുകയോ ചെയ്യേണ്ട ഒരു ഘട്ടത്തില്‍ എത്തിയെന്ന് നെഹ്‌റു പറഞ്ഞതായാണ് അധ്യായത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വിഭജനം മോശമാണ്. ഐക്യത്തിന്റെ വില എന്ത് തന്നെയായാലും, ആഭ്യന്തരയുദ്ധത്തിന്റെ വില അതിലും അനന്തമായിരിക്കുമെന്ന് നെഹ്‌റു പറഞ്ഞതായും അധ്യായത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
സ്‌പെഷ്യല്‍ മൊഡ്യൂളിന്റെ ആമുഖത്തില്‍ വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാനാകില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ ചേര്‍ത്തിട്ടുണ്ട്. ഈ സ്‌പെഷ്യല്‍ മൊഡ്യൂള്‍ പാഠപുസ്തകത്തിന്റെ ഭാഗമല്ല. ആറാം ക്ലാസ് മുതല്‍ എട്ടാം ക്‌ളാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായാണ് ഈ മൊഡ്യൂള്‍ തയ്യാറാക്കിയിരിക്കുന്നത്. ഒമ്പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി മറ്റൊരു സ്‌പെഷ്യല്‍ മോഡ്യൂളും എന്‍സിഇആര്‍ടി തയ്യാറാക്കിയിട്ടുണ്ട്.