സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ആര്‍ക്കും എവിടെ നിന്നും ഉപയോഗിക്കാന്‍ അവസരം നല്‍കുന്ന സംവിധാനമാണ്. പരിചയമുള്ള ആളുകളുടെ പോലും യഥാര്‍ത്ഥ മുഖം പലപ്പോവും ഇതിലെ പുറത്തുവരാറുണ്ട്. അപ്പോള്‍ യാതൊരു പരിചയവും ഇല്ലാത്ത വ്യക്തികളുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. എന്തായാലും ഈ സംഭവത്തിലെ യുവതി ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ ചതിയിലാണ് പെട്ടത്.
വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി തന്നെ പലവട്ടം പീഡിപ്പിച്ചെന്നാണ് കാന്‍പൂര്‍ ഐഐടിയിലെ വിദ്യാര്‍ത്ഥിനി പോലീസില്‍ പരാതി നല്‍കിയത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഹോസ്റ്റലില്‍ വെച്ചാണ് ഓഫീസര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. ബിഹാര്‍ സ്വദേശിയായ ഓഫീസര്‍ക്ക് പുറമെ ഇയാളുടെ സുഹൃത്ത്, സഹോദരി, സഹോദരി ഭര്‍ത്താവ് എന്നിവരെയും യുവതി പ്രതി ചേര്‍ത്തിട്ടുണ്ട്.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ മജിസ്‌ട്രേറ്റിന് മുന്‍പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫേസ്ബുക്ക് വഴി ഒരു വര്‍ഷം മുന്‍പാണ് എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനുമായി പെണ്‍കുട്ടി പരിചയത്തിലാകുന്നത്. അന്ന് മുതല്‍ സോഷ്യല്‍ മീഡിയ വഴി ഇരുവരും ബന്ധപ്പെട്ട് വരുന്നുണ്ട്.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് യുവാവ് പെണ്‍കുട്ടിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്നത്. ഇതിന് ശേഷം ഐഐടിയിലെ ഗേള്‍സ് ഹോസ്റ്റലില്‍ ഇയാള്‍ സ്ഥിരം സന്ദര്‍ശകനായി മാറി. ഇവിടെ വെച്ച് പല തവണ പീഡനത്തിനും ഇരയാക്കിയെന്നാണ് കേസ്.