ബസ് യാത്രക്കിടെ മൂട്ട കടിച്ച യുവതിക്ക് 1.29 ലക്ഷം രൂപ നല്‍കാന്‍ കോടതിവിധി. മംഗളൂരുവിലുള്ള യുവതിക്കാണ് ബസിന്റെ സീറ്റില്‍ നിന്നും മൂട്ട കടിച്ചതിന് പിന്നാലെ ഒരുലക്ഷത്തിലധികം രൂപ നഷ്ടപരിഹാരം നല്‍കാനായി വിധി വന്നത്.
ദക്ഷിണ കന്നഡ പാവൂര്‍ സ്വദേശിനിയായ ദീപിക സുവര്‍ണയെയാണ് മൂട്ട കടിച്ചത്. ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയാണ് യുവതിക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്. റെഡ് ബസ് വഴിയാണ് യുവതി ബസ് ബുക്ക് ചെയ്തത്. അതിനാല്‍ തന്നെ ബസ് ഉടമയും റെഡ് ബസ് ആപ്പും ചേര്‍ന്നാണ് നഷ്ടപരിഹാരം നല്‍കേണ്ടത് എന്നും ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി പറഞ്ഞു.
ദീപികയും ഭര്‍ത്താവ് ശോഭരാജുമാണ് മംഗളൂരുവില്‍ നിന്നും ബെം?ഗളൂരുവിലേക്ക് സ്വകാര്യബസില്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. അതിനിടയിലാണ് ദീപികയെ മൂട്ട കടിച്ചത്. ഇതോടെ അവര്‍ക്ക് അലര്‍ജി അടക്കം അസ്വസ്ഥതകള്‍ ഉണ്ടാവുകയായിരുന്നു.
കന്നഡ ചാനലിലെ റിയാലിറ്റി ഷോ ആയ രാജാറാണിയില്‍ പങ്കെടുക്കാനായിരുന്നു ദീപികയുടെയും ഭര്‍ത്താവിന്റെയും യാത്ര. ഉറങ്ങുന്നതിനിടെയാണത്രെ ദീപികയെ മൂട്ട കടിച്ചത്. ഈ കാര്യം ബസിലെ ജീവനക്കാരനോട് പറഞ്ഞിരുന്നുവെന്നും എന്നാല്‍ നടപടി സ്വകരിച്ചില്ല എന്നും ദീപിക നല്‍കിയ പരാതിയില്‍ പറയുന്നു.
മൂട്ട കടിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ ദീപികയുടെ റിയാലിറ്റി ഷോ പ്രകടനത്തെ ബാധിച്ചു. അത് ഷോയുടെ പ്രതിഫലം കുറയാന്‍ കാരണമായി എന്നും പരാതിയില്‍ പറയുന്നു. അന്വേഷണത്തിനൊടുവില്‍ കോടതി പറഞ്ഞത്, ഒരുലക്ഷം രൂപ നഷ്ടപരിഹാരം, 10,000 രൂപ നിയമ ചെലവ്, 850 രൂപ ടിക്കറ്റ് ചെലവ്, 18,650 രൂപ പിഴ എന്നിവയടക്കം 1.29 ലക്ഷം രൂപ ദീപികയ്ക്ക് നല്‍കണം എന്നായിരുന്നു.