CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 58 Minutes 17 Seconds Ago
Breaking Now

ഗില്‍ഫോര്‍ഡ് മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്റെ ഓണാഘോഷം കേരളീയ സംസ്‌കാരം വിളിച്ചോതുന്ന ദൃശ്യാനുഭവമായി

ലണ്ടന്‍: യുകെയിലെ ഗില്‍ഫോര്‍ഡ് മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ സംഘടിപ്പിച്ച ഈ വര്‍ഷത്തെ തിരുവോണാഘോഷം കേരളീയ സംസ്‌കാരം വിളിച്ചോതുന്ന ദൃശ്യാനുഭവമായി മാറി.

ഇക്കഴിഞ്ഞ ശനിയാഴ്ച കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെ നിരവധി കുടുംബങ്ങള്‍ പങ്കെടുത്ത വ്യത്യസ്തതയാര്‍ന്ന പരിപാടി കൊണ്ട് സമ്പന്നമായ ഓണാഘോഷം സംഘടിപ്പിച്ചത് ജേക്കബ്‌സ് വെല്‍ ഹാളിലായിരുന്നു. മനോഹരമായ പൂക്കളമൊരുക്കി ആരവങ്ങളും ആര്‍പ്പുവിളികളുമായി മാവേലി തമ്പുരാന് ഊഷ്മളമായ വരവേല്‍പ്പ് നല്‍കി നടത്തിയ ആഘോഷ പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം ലോക കേരളസഭാഗവും മലയാളം മിഷന്‍ യു കെ ചാപ്റ്റര്‍ പ്രസിഡണ്ടും യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരിയുമായ സി എ ജോസഫ് നിര്‍വ്വഹിച്ചു.

ജാതിമത ചിന്തകള്‍ക്ക് അതീതമായി ലോകമെമ്പാടുമുള്ള മലയാളികള്‍ കേരള നാടിന്റെ  ഉത്സവമായി നടത്തുന്ന ഓണാഘോഷം യുകെയിലെ ഗില്‍ഫോര്‍ഡിലും ഓരോ വര്‍ഷവും നടത്തുവാന്‍ മുന്നോട്ടുവരുന്നത് ജിഎം സിഎയുടെ ഭാരവാഹികളുടെയും കുടുംബാംഗങ്ങളുടെയും സാഹോദര്യ സ്‌നേഹത്തിന്റെയും നന്മയുടെയും പ്രതിഫലനത്തെയാണ് സൂചിപ്പിക്കുന്നതെന്നും സി എ ജോസഫ് അഭിപ്രായപ്പെട്ടു. ജിഎംസിഎയുടെ ആദ്യ വനിത പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട മോളി ക്ലീറ്റസ് അധ്യക്ഷത വഹിച്ചു. കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ ഫാന്‍സി നിക്‌സണ്‍ സ്വാഗതമാശംസിച്ചു.

ഓണാഘോഷങ്ങളുടെ പ്രാധാന്യം പുതുതലമുറയ്ക്ക് മനസ്സിലാക്കി കൊടുക്കുന്നതിനുവേണ്ടി വേദിയില്‍ എത്തിയ അമ്മൂമ്മ പേരക്കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കിയ ഓണക്കഥകളിലൂടെ കേരളത്തിന്റെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക തനിമ മുഴുവനും പാരമ്പര്യവും പുതുമയും സമന്വയിപ്പിച്ചു വേദിയില്‍ അവതരിപ്പിച്ച  തീം ഡാന്‍സ് കാണികള്‍ക്ക് അനിര്‍വചനീയമായ ദൃശ്യാനുഭവമാണ് സമ്മാനിച്ചത്.

 കുട്ടികളുടെയും മുതിര്‍ന്നവരുടെയും വ്യത്യസ്ത യാര്‍ന്ന വിനോദ കായിക പരിപാടികളും പുരുഷന്മാര്‍ക്കും വനിതകള്‍ക്കും പ്രത്യേകമായി സംഘടിപ്പിച്ച വടംവലി മത്സരവും ഏവര്‍ക്കും ആവേശം പകര്‍ന്നു. പരമ്പരാഗത രീതിയിലുള്ള വിഭവസമൃദ്ധമായ ഓണസദ്യ എല്ലാവരിലും ഗൃഹാതുരതയുണര്‍ത്തി.

ഓണാഘോഷങ്ങളുടെ ഭാഗമായി ജിഎംസിഎയുടെ പ്രതിഭകളായ വനിതകള്‍ ചേര്‍ന്ന് അവതരിപ്പിച്ച തിരുവാതിര വേറിട്ട മികവ് പുലര്‍ത്തി. കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് അവതരിപ്പിച്ച പുതുമയാര്‍ന്ന വള്ളംകളി, നൃത്ത രൂപങ്ങള്‍, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ എന്നിവയെല്ലാം കാണികളുടെ പ്രശംസ ഏറ്റുവാങ്ങി. പരിപാടികളുടെ അവതാരകയായി എത്തിയ ആനിയും ആദിത്യയും  തിളക്കമാര്‍ന്ന പ്രകടനമാണ് കാഴ്ച വെച്ചത്. പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും സെക്രട്ടറി നിക്‌സണ്‍ ആന്റണി നന്ദി പ്രകാശിപ്പിച്ചു. ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തത് പ്രസിഡന്റ് മോളിക്ലീറ്റസ് സെക്രട്ടറി നിക്‌സണ്‍ ആന്റണി ട്രഷറര്‍ സ്‌നോബിന്‍ മാത്യു എന്നിവരോടൊപ്പം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജിന്‍സി ഷിജു, വിനോദ് ജോസഫ്,  അനുഷ തോമസ് , രാജിവ് ജോസഫ് , ഷിജു മത്തായി, മാര്‍ട്ടിന്‍ ജോസഫ്,  ആനി സാം എന്നിവരുമാണ്.

 

 

 

ജിന്‍സി കോരത്

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.