യുകെയിലേക്ക് പുതിയതായി പഠിക്കുവാന്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഇവിടുത്തെ ജീവിത സാഹചര്യങ്ങളുമായിട്ട് ഇണങ്ങിച്ചേരുവാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന കൈരളി യുകെയുടെ ഓറിയന്റേഷന്‍ സെഷന്‍ സെപ്തംബര്‍ 19 വ്യാഴാഴ്ച ഓണ്‍ലൈനില്‍ നടക്കും. പുതിയ സ്ഥലം, പുതിയ സാഹചര്യം, പുതിയ ജീവിതം; മറ്റൊരു രാജ്യത്തിലെ സംവിധാനങ്ങളും നിയമങ്ങളും തുടക്കത്തിലേ മനസ്സിലാക്കുക, പാര്‍ട്ട് ടൈം ജോലി, താമസം, മെഡിക്കല്‍, ബാങ്ക് അക്കൗണ്ട്, ഡ്രൈവിംഗ്, കോഴ്‌സ് വര്‍ക്ക് തുടങ്ങി ഏറെ ചോദ്യങ്ങളാണു യുകെയിലെ യൂണിവേഴ്‌സിറ്റികളില്‍ പുതിയതായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ ചോദിച്ചറിയാറുള്ളത്. കുടുംബമായി എത്തുന്നവര്‍ക്ക് സ്‌കൂള്‍, ചൈല്‍ഡ്‌കെയര്‍, പങ്കാളിയുടെ ജോലി തുടങ്ങി അനവധി ചോദ്യങ്ങള്‍ വേറെയും.
ഇപ്പോള്‍ പഠിക്കുന്നവരോടും മുന്‍പ് പഠിച്ച് ഇപ്പോള്‍ ജോലി ചെയ്യുന്നവരോടും സംവദിക്കാനുള്ള അവസരവും, യുകെയുടെ എല്ലാ ഭാഗങ്ങളിലും യൂണിറ്റുള്ള കൈരളി യുകെ നിങ്ങള്‍ക്ക് അതാത് സ്ഥലങ്ങളിലെ പ്രവര്‍ത്തകരുമായ് ചേര്‍ന്ന് നിങ്ങളെ സഹായിക്കുവാനും ഇതുമൂലം സാധിക്കും. യുകെയില്‍ തൊഴിലിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പലവിധ ചൂഷണണങ്ങള്‍ വര്‍ദ്ധിച്ചു വരുന്നത് ആശങ്കയോടെ കാണുന്നു. കുറഞ്ഞ വേതനം, ശമ്പളം കൊടുക്കാതിരിക്കുക, രേഖകള്‍ പിടിച്ചുവെയ്ക്കുക, ലൈംഗിക അതിക്രമങ്ങള്‍ എന്നിങ്ങനെ പല പ്രതിസന്ധികളില്‍ സഹായം എവിടെ നിന്ന് സ്വീകരിക്കണമെന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചോദിച്ചറിയാനും കഴിയും.
കഴിഞ്ഞ വര്‍ഷം യുകെയിലെ യൂണിവേഴ്‌സിറ്റികളില്‍ അനേകം വിദ്യാര്‍ഥികള്‍ കോഴ്‌സില്‍ തോറ്റതായി ശ്രദ്ധയില്‍പ്പെട്ടു, പഠന വിഷയങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ വ്യാഴാഴ്ചത്തെ ചര്‍ച്ചയില്‍ ഉണ്ടായിരിക്കും. ഇപ്പോഴത്തെ യുകെയിലെ സാഹചര്യം അനുസരിച്ച് ഒരു ജോലി ലഭിക്കുവാന്‍ വളരെ ബുദ്ധിമുട്ടുള്ള സമയമാണ്, നിങ്ങള്‍ ഒരു പാര്‍ട്ട് ടൈം ജോലിക്ക് ആയിട്ട് ശ്രമിക്കുമ്പോള്‍ നിങ്ങളുടെ സീവി, അതുപോലെ ഇന്റര്‍വ്യൂവില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എല്ലാം ഈ ചര്‍ച്ചയില്‍ ഉണ്ടായിരിക്കും.
മുന്‍കാലത്ത് നടത്തിയിരുന്ന സെഷനുകള്‍ വളരെ നല്ലതായിരുന്നു എന്ന അഭിപ്രായം ലഭിച്ചതനുസരിച്ച് കൂടുതല്‍ വിഷയങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ചര്‍ച്ച തയ്യാറാക്കിയിരിക്കുന്നത്. എല്ലാ തലങ്ങളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരുപോലെ ഉപകാരപ്പെടുന്ന ഈ സെഷനില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ താഴെ കാണുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ് - https://fb.me/e/2uK4m6PfH