ലണ്ടന്‍: ആഗോള പ്രവാസി സമൂഹത്തെ ബാധിക്കുന്ന സാമൂഹിക ഉത്തരവാദിത്വ വിഷയങ്ങള്‍ ഏറ്റെടുക്കുകയും പ്രശ്‌നപരിഹാര ശ്രമങ്ങളില്‍ നേരിട്ട് ഇടപെടുകയും ചെയ്തുകൊണ്ട് മറ്റു പ്രവാസ സംഘടനകള്‍ക്ക് മാതൃകയായിരിക്കുകയാണ് ഒ ഐ സി സി (യു കെ).
എയര്‍ ഇന്ത്യ ഉള്‍പ്പടെയുള്ള വിമാന സര്‍വീസുകളുടെ നിരന്തരമുള്ള റദ്ദാക്കലുകളും തന്മൂലം വലിയൊരു ശതമാനം യാത്രികര്‍ക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളും ജനപ്രതിനിധികളുടെയും വിമാന കമ്പനി അധികാരികളുടെയും ശ്രദ്ധയില്‍ പെടുത്തി ഇരുകൂട്ടരും അടിയന്തിരമായി പ്രശ്‌നപരിഹാരത്തിനായി ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ഒ ഐ സി സി (യു കെ) നാഷണല്‍ കമ്മിറ്റി. ഇതു സംബന്ധിച്ച നിവേദനം ഒ ഐ സി സി (യു കെ) നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് എയര്‍ ഇന്ത്യ സി ഇ ഒ & എം ഡി വില്‍സന്‍ ക്യാമ്പെല്‍, കോട്ടയം ലോക്‌സഭ അംഗം ബഹു. ഫ്രാന്‍സിസ് ജോര്‍ജ് എംപി എന്നിവര്‍ക്ക് സമര്‍പ്പിച്ചു.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്നും ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യയുടെ വിമാന സര്‍വീസ് യാതൊരു മുന്നറിപ്പും കൂടാതെ റദ്ദ് ചെയ്യുകയും ഏകദേശം 250 - ഓളം യാത്രക്കാര്‍ ദുരിതത്തിലായ സംഭവത്തിന്റെ ചുവടുപിടിച്ചു, എയര്‍ ഇന്ത്യ ഉള്‍പ്പടെയുള്ള വിമാന സര്‍വീസുകളുടെ നിരുത്തരവാദിത്വപരമായ സേവനസങ്ങളെയും അതുമൂലം യാത്രക്കാര്‍ക്കും പ്രായമായവര്‍, കുഞ്ഞുങ്ങള്‍, സ്ത്രീകള്‍ എന്നിവര്‍ അടങ്ങുന്ന അവരുടെ കുടുംബങ്ങളെയും ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടികാണിച്ചുകൊണ്ടും അടിയന്തിരമായ പ്രശ്‌ന പരിഹാരം അഭ്യര്‍ത്ഥിച്ചുകൊണ്ടും തയ്യാറാക്കിയിരിക്കുന്ന നിവേദനത്തില്‍ ഇത്തരത്തില്‍ മുന്നറിയിപ്പില്ലാതെ തുടര്‍ച്ചയായി ഉണ്ടാകുന്ന വിമാന റദ്ദാക്കലുകള്‍ കൊണ്ട് ഭവിക്കുന്ന പ്രധാന ദൂഷ്യവശങ്ങളിലേക്ക് അധികാരികളുടെ ശ്രദ്ധ ക്ഷണിക്കുകയും ചില നിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുകയും ചെയ്തിട്ടുണ്ട്.
കോട്ടയം ലോക്‌സഭ അംഗം ബഹു. ഫ്രാന്‍സിസ് ജോര്‍ജുമായി ബുധനാഴ്ച നടത്തിയ ഫോണ്‍ സംഭാഷണത്തിന് ശേഷമാണ് ഒ ഐ സി സി (യു കെ) നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് ഇ - മെയില്‍ മുഖേന നിവേദനം നല്‍കിയത്. പ്രശ്‌നപരിഹാരത്തിനായി അടിയന്തിരമായി ഇടപെടാമെന്ന ഉറപ്പ് എം പിയില്‍ നിന്നും ലഭിച്ചതായി ഷൈനു ക്ലെയര്‍ മാത്യൂസ് പറഞ്ഞു. പ്രവാസി സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്ന വിഷയങ്ങളിലുള്ള ക്രിയാത്മകമായ ഇടപെടലുകള്‍ ഒ ഐ സി സി (യു കെ) തുടരുമെന്നും പ്രശ്‌ന പരിഹാരത്തിനായി ഏതറ്റം വരെയും പോകുന്നത്തിന് ഒ ഐ സി സി (യു കെ) പ്രതിജ്ഞാബദ്ധരാണെന്നും ഷൈനു കൂട്ടിച്ചേര്‍ത്തു.
വിമാന സര്‍വീസുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ടിക്കറ്റ് റഫണ്ട് പ്രശ്‌നങ്ങള്‍, പ്രീമിയം ടിക്കറ്റ് യാത്രക്കാര്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകള്‍, സ്‌കൂള്‍ തുറക്കുന്ന സമയത്തെ യാത്രക്കാരുടെ ദുരിതങ്ങള്‍, മെഡിക്കേഷനിലുള്ളവരും ആരോഗ്യ പ്രശ്‌നങ്ങളുള്ളവരുമായ യാത്രക്കാര്‍, പ്രായമായവര്‍ / കുഞ്ഞുങ്ങള്‍ തുടങ്ങി പരസഹായം ആവശ്യമായ യാത്രക്കാര്‍ തുടങ്ങിയവര്‍ക്കുണ്ടാകുന്ന സ്വാഭാവിക ബുദ്ധിമുട്ടുകളും അവയ്ക്കുള്ള പരിഹാര നിര്‍ദേശങ്ങളും നിവേദനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അടുത്തകാലത്തായി വിമാന റദ്ധാക്കലുകള്‍ പതിവായതും അതു മറികടക്കാന്‍ കൃത്യമായ മറ്റു സംവിദാനങ്ങള്‍ ഒരുക്കാത്തതും വിമാന കമ്പിനികളുടെ മെല്ലെ പോക്ക് നയവും യാത്രിക്കാരെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. ഇതു സംബന്ധിച്ച നിരവധി പരാതികള്‍ ലോകത്തിന്റെ പല കോണുകളില്‍ നിന്നും ഉയര്‍ന്ന സാഹചര്യത്തിലും അധികാരികളുടെ ഭാഗത്തു നിന്നും തിരുത്തല്‍ നടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തില്‍ ഒ ഐ സി സി (യു കെ) യുടെ നേതൃത്വത്തില്‍ നടത്തിയത് മാതൃകാപരമായ ശ്രമങ്ങളാണെന്നാണ് പ്രവാസി സമൂഹത്തിന്റെ വിലയിരുത്തല്‍
റോമി കുര്യാക്കോസ്