CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 57 Minutes 29 Seconds Ago
Breaking Now

കാനഡയിലെ മുഴുവന്‍ ഹിന്ദുക്കളും മോദിയെ പിന്തുണക്കുന്നില്ല; രാജ്യത്ത് ഖലിസ്ഥാന്‍ വാദികളുണ്ട്; ഇന്ത്യയുടെ ആരോപണം തുറന്നുസമ്മതിച്ച് ജസ്റ്റിന്‍ ട്രൂഡോ

ഇന്ത്യയും കാനഡയും തമ്മില്‍ നയതന്ത്ര പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെയാണ് ട്രൂഡോയുടെ പ്രസ്താവന.

കാനഡയിലുള്ള ഖലിസ്ഥാന്‍ സാന്നിധ്യം അംഗീകരിച്ച് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഒട്ടാവയിലെ പാര്‍ലമെന്റ് ഹില്ലില്‍ നടന്ന ദീപാവലി ആഘോഷത്തിനിടെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ട്രൂഡോയുടെ പരാമര്‍ശം. കാനഡയില്‍ ഖലിസ്ഥാനെ പിന്തുണയ്ക്കുന്ന ഒട്ടേറെപ്പേരുണ്ട്. എന്നാല്‍ സിഖ് സമൂഹം പൂര്‍ണമായും അങ്ങനെയല്ല. മോദി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരും ഇവിടെയുണ്ട്. എന്നാല്‍ കനേഡിയന്‍ ഹിന്ദുക്കള്‍ മുഴുവന്‍ അങ്ങനെയല്ലെന്നും ട്രൂഡോ പറഞ്ഞു.

ഇന്ത്യയും കാനഡയും തമ്മില്‍ നയതന്ത്ര പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെയാണ് ട്രൂഡോയുടെ പ്രസ്താവന. കാനഡയില്‍ ഖലിസ്ഥാനികളുടെ സാന്നിധ്യമുണ്ടെന്ന് ഇന്ത്യ നേരത്തെ ആരോപിച്ചിരുന്നു. ഇതാദ്യമായാണ് ഇക്കാര്യം പരസ്യമായി സമ്മതിച്ച് ട്രൂഡോ രംഗത്തെത്തുന്നത്.

2023ല്‍ ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍വച്ച് കൊല്ലപ്പെട്ടതിനു പിന്നില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഇരുരാജ്യങ്ങളും പരസ്പരം നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. കാനഡയിലെ ക്ഷേത്രങ്ങള്‍ക്കുനേരെയും ആക്രമണങ്ങളുണ്ടായി.

അതേസമയം, തീവ്രവാദികള്‍ക്ക് കാനഡ രാഷ്ട്രീയ ഇടം നല്‍കുകയാണെന്ന് വിദേശകാര്യമന്ത്രി ജയശങ്കര്‍ പറഞ്ഞു. യാതൊരു അടിസ്ഥാനവുമില്ലാതെ ഇന്ത്യക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ മേല്‍ നിരീക്ഷണമേര്‍പ്പെടുത്തിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രാംപ്ടണിലെ ഹിന്ദുസഭ ക്ഷേത്രത്തില്‍ ഖലിസ്ഥാന്‍ വിഘടനവാദികള്‍ നടത്തിയ ആക്രമണത്തെക്കുറിച്ചുള്ള പ്രതികരണത്തിലാണ് രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.