ട്രെയിനിനടിയില്‍ തൂങ്ങിക്കിടന്ന് യുവാവ് യാത്ര ചെയ്തത് 250 കിലോമീറ്ററോളം. മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഡിസംബര്‍ 24 നാണ് സംഭവം നടന്നത്. പൂനെ-ധനാപൂര്‍ എക്സ്പ്രസില്‍ ഇറ്റാര്‍സിയില്‍ നിന്ന് ജബല്‍പൂരിലേക്കാണ് ഇയാള്‍ യാത്ര ചെയ്തത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ കാരേജ് ആന്‍ഡ് വാഗണ്‍ ഡിപ്പാര്‍ട്ട്മെന്റ് ജീവനക്കാര്‍ ഇയാളെ പിടികൂടി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
പതിവ് പരിശോധനയ്ക്കിടെ എസ്-4 കോച്ചിന് താഴെ ഒരു യുവാവ് കിടക്കുന്നത് റെയില്‍വേ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇയാളുടെ സുരക്ഷയെ കരുതി റെയില്‍വേ ജീവനക്കാര്‍ ഉടന്‍ തന്നെ വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ വഴി ലോക്കോ പൈലറ്റിനെ അറിയിക്കുകയും ട്രെയിന്‍ നിര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് യുവാവിനോട് പുറത്തുവരാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടു.
റെയില്‍വേ ജീവനക്കാര്‍ ചോദ്യം ചെയ്തപ്പോള്‍ ടിക്കറ്റിന് പണമില്ലാത്തതിനാലാണ് ഈ രീതിയില്‍ യാത്ര ചെയ്തതെന്നാണ് യുവാവ് വിശദീകരിച്ചത്. ഇയാള്‍ മാനസിക പ്രശ്‌നമുള്ള ആളാണെന്നും വിവരമുണ്ട്.