നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസില്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് വ്യവസായി ബോബി ചെമ്മണ്ണൂര്‍. ഇപ്പോഴത്തെ പരാതിക്ക് പിന്നില്‍ മറ്റ് ഉദ്ദേശങ്ങളാണെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. പരാതിക്കാരിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാമെന്നും ബോബി ചെമ്മണ്ണൂര്‍ പറയുന്നു.
അതേസമയം പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ചെമ്മണ്ണൂര്‍ നടിക്കെതിരെ ആവര്‍ത്തിച്ചുള്ള 'ലൈംഗിക ചൊവയുള്ള' പരാമര്‍ശങ്ങള്‍ നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് കേസ്. ജാമ്യമില്ലാ കുറ്റം ചുമത്തിയ കേസായതിനാല്‍ ജാമ്യം നല്‍കണോ എന്ന കാര്യത്തില്‍ കോടതി ഇന്ന് വാദം കേള്‍ക്കും.
കോടതിയില്‍ ഹാജരാക്കുന്നതിന്റെ ഭാഗമായി ഇന്ന് പുലര്‍ച്ചെ അഞ്ചേ കാലോടെ വൈദ്യപരിശോധന നടത്തിയിരുന്നു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചായിരുന്നു പരിശോധന. ഇന്നലെ രാത്രിയും വൈദ്യ പരിശോധന നടത്തിയിരുന്നു. കൂസലൊട്ടും ഇല്ലാതെ ചിരിച്ചു കൊണ്ടാണ് ബോബി ചെമ്മണ്ണൂര്‍ വൈദ്യ പരിശോധനയ്ക്ക് എത്തിയത്. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, ആരേയും അധിക്ഷേപിച്ചിട്ടില്ല എന്നും ആവര്‍ത്തിച്ച ബോബി ചെമ്മണ്ണൂര്‍ കുറ്റബോധത്തിന്റെ ആവശ്യമില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം പരാതിക്കാരിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാമെന്നും നാല് മാസം മുന്‍പുണ്ടായ കാര്യങ്ങളില്‍ ഇപ്പോള്‍ പരാതിയുമായി വന്നതിന് പിന്നില്‍ മറ്റ് ഉദ്ദേശങ്ങളാണ് എന്നുമാണ് ബൊച്ചെയുടെ മൊഴി. ഇന്നലെ വയനാട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിനെ പൊലീസ് രാത്രി ഏഴുമണിയോടെയാണ് സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിച്ചത്. സ്ത്രീകള്‍ക്ക് നേരെ അശ്ലീല പരാമര്‍ശം നടത്തുക, അവ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുക തുടങ്ങിയ കുറ്റങ്ങളാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിട്ടുള്ളത്. അതീവ രഹസ്യമായ നീക്കത്തിലൂടെയാണ് പൊലീസ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയില്‍ എടുത്തത്.