അഞ്ചലില്‍ യുവതിയെയും ഇരട്ടക്കുഞ്ഞുങ്ങളെയും കഴുത്തുറത്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മുന്‍ സൈനികരിലേക്ക് എത്താന്‍ സിബിഐയെ സഹായിച്ചത് പ്രതികളില്‍ ഒരാളുടെ ഭാര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോ. കേസിലെ പ്രതികളായ കൊല്ലം അലയമണ്‍ ചന്ദ്രവിലാസത്തില്‍ ദിബില്‍ കുമാര്‍ (41) കണ്ണൂര്‍ ശ്രീകണ്ഠപുരം കൈതപ്രം പുതുശ്ശേരി വീട്ടില്‍ രാജേഷ് (46) എന്നിവര്‍ 18 വര്‍ഷത്തിന് ശേഷമാണ് പിടിയിലാകുന്നത്.
പുതുച്ചേരിയില്‍ പേരിലും രൂപത്തിലും മാറ്റം വരുത്തിയാണ് രണ്ട് പ്രതികളും ഒളിവില്‍ താമസിച്ചത്. ദിബില്‍ ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനം നടത്തി, വിഷ്ണു എന്ന പേരിലാണ് താമസിച്ചത്. ഇയാള്‍ ഇവിടെ ഒരു അധ്യാപികയെ വിവാഹം കഴിച്ചു. രാജേഷും ഒരു അധ്യാപികയെ വിവാഹം കഴിച്ച് കുടുംബ ജീവിതം നയിക്കുകയായിരുന്നു. ദിബിലിന്റെ സ്ഥാപനത്തിലായിരുന്നു രാജേഷും ജോലി ചെയ്തിരുന്നത്.പ്രതികളുടെ ഭാര്യമാരിലൊരാളായ അധ്യാപിക സ്വന്തം സമൂഹമാധ്യമ അക്കൗണ്ടില്‍ പങ്കുവച്ച ഒരു ചിത്രമാണ് ദിബില്‍ കുമാറിനെയും രാജേഷിനെയും കുടുക്കാന്‍ സിബിഐയെ സഹായിച്ചത്.
കൊലപാതകത്തിന് ശേഷം ഒളിവില്‍ പോകുമ്പോള്‍ ദിബില്‍ കുമാറിന് 23ഉം രാജേഷിന് 28 വയസ്സുമായിരുന്നു പ്രായം. പ്രതികള്‍ ഒളിവില്‍ പോയി 10 വര്‍ഷം കഴിഞ്ഞതിനാല്‍ ഇവരുടെ നിലവിലെ ചിത്രങ്ങള്‍ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അന്വേഷണ സംഘം തയാറാക്കി. ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും പ്രതികളുടെ മുഖത്തിനുണ്ടാകുന്ന മാറ്റം ഇത്തരത്തില്‍ സൃഷ്ടിച്ചു. രണ്ടു പ്രതികളുടെയും 20 ചിത്രങ്ങളാണ് ഇത്തരത്തില്‍ തയ്യാറാക്കിയത്. അന്വേഷണത്തിന്റെ ഭാഗമായി സിബിഎയും കേരള പൊലീസും ചേര്‍ന്ന് പതിനായിരം സമൂഹ മാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷിച്ചു. പ്രതികളുടെ എഐ ചിത്രങ്ങളുമായി സാമ്യമുള്ള ആരുടെയെങ്കിലും ചിത്രങ്ങള്‍ നിരീക്ഷണത്തിലുള്ള സമൂഹമാധ്യമ അക്കൗണ്ടില്‍ പങ്കിട്ടാല്‍ പോലീസിന്റെ സൈബര്‍ വിഭാഗത്തിന് മുന്നറിയിപ്പ് ലഭിക്കുമായിരുന്നു. ഇത്തരതില്‍ 10ല്‍ അധികം മുന്നറിയിപ്പുകളാണ് കഴിഞ്ഞ ഒരു രണ്ട് മാസത്തിനിടെ ലഭിച്ചത്.
ഇതിനിടയാണ് പ്രതിയുടെ ഭാര്യയായ അധ്യാപിക ഒരു യാത്രയ്ക്കിടയിലെടുത്ത ഇവരുടെ കുടുംബചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ചിത്രത്തിലുള്ള യുവാവിന് പ്രതികളില്‍ ഒരാളുടെ എഐ ചിത്രവുമായുള്ള സാമ്യം മനസ്സിലാക്കിയ അന്വേഷണസംഘം രണ്ടാഴ്ചയോളം ഈ അക്കൗണ്ട് നിരീക്ഷിക്കുകയും ചെയ്തു.
തടര്‍ന്ന് പുതുച്ചേരിയില്‍ എത്തിയ അന്വേഷണസംഘം നേരിട്ട് ഇവരെ നിരീക്ഷിച്ചു. ദിബലിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്ക് രണ്ടാമത്തെ പ്രതിയുടെ എഐ ചിത്രവുമായി സാമ്യം കണ്ടെത്തിയതോടെ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. തുടക്കത്തില്‍ ഇവര്‍ പ്രതിരോധിച്ചെങ്കിലും ഒടുവില്‍ കുറ്റം സമ്മതിക്കുകയുമായിരുന്നു.
പഞ്ചാബില്‍ സൈന്യത്തിന് ജോലി ചെയ്യുമ്പോഴാണ് ദിബിലും രാജേഷും പരിചയപ്പെടുന്നതും സുഹൃത്തുക്കളാവുന്നതും. തുടര്‍ന്ന് ഇരുവരും പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. പ്രസവത്തിനായി രഞ്ജിനി ആശുപത്രിയില്‍ എത്തിയപ്പോള്‍ രഞ്ജിനിയെയും അമ്മയെയും കൊല്ലം സ്വദേശി അനില്‍കുമാര്‍ എന്ന പേരില്‍ രാജേഷ് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. ഇതിനായി ഇവര്‍ ഇരുവരും നേരത്തെ അവധിയും എടുത്തിരുന്നു. 2006 മാര്‍ച്ച് 14വരെ അവധിയെടുത്തിരുന്ന ദിബില്‍ ഫെബ്രുവരിയില്‍ കൊലപാതകത്തിനുശേഷം വീണ്ടും ജോലിയില്‍ പ്രവേശിച്ച് പിന്നീട് വീട്ടിലേക്കെന്നു പറഞ്ഞു ക്യാമ്പ് വിടുകയായിരുന്നു. രാജേഷ് ശബരിമലയിലേക്ക് പോകാന്‍ എന്ന് പറഞ്ഞ് താടി നീട്ടി വളര്‍ത്താനുള്ള അനുമതി മേലുദ്യോഗസ്ഥരില്‍ നിന്ന് വാങ്ങി മുങ്ങുകയായിരുന്നു. കൊലപാതകത്തിനു ശേഷം രാജേഷിന്റെ എടിഎം അക്കൗണ്ടില്‍ നിന്ന് ദിബില്‍ കുമാര്‍ തിരുവനന്തപുരത്തുനിന്ന് പണം പിന്‍വലിച്ചിരുന്നു. പിന്നീട് ഇരുവരും മഹാരാഷ്ട്രയിലെ നാസിക്കിലേക്ക് പോവുകയും അവിടെനിന്ന് നാഗ്പൂരിലേക്കും കടന്നു. ഹിന്ദി നന്നായി കൈകാര്യം ചെയ്യാന്‍ അറിയാവുന്നതിനാല്‍ ഉത്തരേന്ത്യയില്‍ എളുപ്പത്തില്‍ താങ്ങാനായി. വീട്ടുകാരുമായുള്ള ബന്ധം അവസാനിപ്പിച്ചതോടെ അന്വേഷണം വഴിമുട്ടിയെങ്കിലും പോലീസ് ഇവരെ കണ്ടെത്താന്‍ ഉള്ള ശ്രമം നടത്തിക്കൊണ്ടേയിരുന്നു.
ഇവര്‍ രാജ്യം വിട്ടുവെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണവും നടത്തിയിരുന്നു.ദിബില്‍ കുമാറില്‍ രഞ്ജിനിക്ക് ജനിച്ചതാണ് ഈ കുട്ടികള്‍ എന്നാണ് പറയുന്നത്. ആ കുട്ടികളുടെ പിതൃത്വം സംബന്ധിച്ച് രഞ്ജിനിയുടെ കുടുംബം പരാതികളുമായി മുന്നോട്ടുപോയിരുന്നു. കുട്ടികളുടെ ഡിഎന്‍എ പരിശോധിക്കാന്‍ വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് തെളിവുകള്‍ നശിപ്പിക്കുന്നതിനായി ദിബിലും രാജേഷും രഞ്ജിനിയുടെ വീട്ടില്‍ എത്തുകയായിരുന്നു. ഇവരെ കണ്ടെത്തുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ സിബിഐ ഇനാം പ്രഖ്യാപിച്ചിരുന്നു.