ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെയും മകന്റെയും മരണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും. ഐസി ബാലകൃഷ്ണന്‍, എന്‍ഡി അപ്പച്ചന്‍, കെ എല്‍ പൗലോസ്, കെ കെ ഗോപിനാഥന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിപ്പട്ടികയിലുണ്ടെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. വിജയന്‍ എഴുതിയ കത്തില്‍ പരാമര്‍ശിച്ച നേതാക്കള്‍ക്കെതിരെയാണ് കേസെടുക്കുക. ആത്മഹത്യാപ്രേരണ ആര്‍ക്കൊക്കെ എതിരെ എന്നതില്‍ പൊലീസ് ഉടന്‍ തീരുമാനമെടുക്കും.
കേസ് മാനന്തവാടി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ബത്തേരി കോടതിയിലേക്ക് മാറ്റാന്‍ പോലീസ് അപേക്ഷ നല്‍കി. അതിനിടെ ബത്തേരി ബാങ്ക് നിയമന തട്ടിപ്പില്‍ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. അമ്പലവയല്‍ സ്വദേശി ഷാജിയുടെ പരാതിയിലാണ് കേസ്. ഡിസിസി മുന്‍ ട്രഷറര്‍ കെ കെ ഗോപിനാഥന് എതിരെയാണ് പരാതി. 12 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും മൂന്ന് ലക്ഷം രൂപ നിയമനത്തിന് നല്‍കിയെന്നുമാണ് പരാതി.
ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ വിജയന്റെ ബന്ധുക്കളുടെ മൊഴിയെടുത്തിരുന്നു. കടബാധ്യതയെ കുറിച്ചും ചോദിച്ചറിഞ്ഞിരുന്നു. ബാധ്യതകള്‍ ഏറ്റെടുക്കുമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ കുടുംബം ഇന്നുമുതല്‍ വായ്പകളുടെ വിവരങ്ങള്‍ ശേഖരിക്കും. അതേസമയം ഐസി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സിപിഎം നടത്തുന്ന പ്രതിഷേധം വരും ദിവസങ്ങളിലും തുടരും. സാമ്പത്തിക ഇടപാട് ആരോപണം ഉയര്‍ന്ന ഐസി ബാലകൃഷ്ണന്‍ രാജിവെക്കും വരെ സമരം തുടരുമെന്നാണ് എല്‍ഡിഎഫിന്റെ പ്രഖ്യാപനം. ഇന്നലെ രാത്രി ബത്തേരി ടൗണില്‍ എല്‍ഡിഎഫ് നൈറ്റ് മാര്‍ച്ച് നടത്തിയാണ് പ്രതിഷേധിച്ചത്.