പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളെ ഞായറാഴ്ച കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചപ്പോള്‍ മുതിര്‍ന്ന നേതാവ് പി ജയരാജന്റെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ജയിലില്‍ ചെന്ന് സന്ദര്‍ശിച്ചു. ഉദുമ മുന്‍ എം.എല്‍.എ കെ.കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള കുറ്റവാളികളെ സന്ദര്‍ശിക്കുന്നതിനിടെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
ജയില്‍ ജീവിതം കമ്മ്യൂണിസ്റ്റുകാര്‍ക്ക് വായിക്കാനുള്ള കാലമാണെന്ന് പി ജയരാജന്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റുകാരെ തടവറ കാട്ടി പേടിപ്പിക്കേണ്ട. എല്ലാ രാഷ്ട്രീയ കൊലയും അവസാനിക്കണം. മാധ്യമങ്ങള്‍ക്ക് മാര്‍ക്സിസ്റ്റ് വിരുദ്ധ ജ്വരമാണ്. ഇരട്ട കൊലയെപ്പറ്റി പറയുമ്പോള്‍ വെഞ്ഞാറമൂട് കൊലപാതകം ഓര്‍ക്കണം. നിയമ പോരാട്ടത്തിന്റെ വഴികള്‍ ഇപ്പോഴുമുണ്ട്. അവസരങ്ങള്‍ തങ്ങള്‍ വിനിയോഗിക്കുമെന്നും പി ജയരാജന്‍ പറഞ്ഞു.
പെരിയ ഇരട്ടക്കൊലകേസിലെ ഒന്നാം പ്രതിയും സിപിഐഎം നേതാവുമായ എ പിതാംബരനെ കാണാന്‍ ടി ചി ചന്ദ്രശേഖരന്‍ വധക്കേസില്‍ പരോളില്‍ കഴിയുന്ന കൊടി സുനിയെത്തിയത് വലിയ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് ജയരാജന്റെ സന്ദര്‍ശനം. ഫസല്‍ വധക്കേസിലെ വിചാരണ നടപടികളുടെ ഭാഗമായി സിബിഐ കോടതിയിലെത്തിയതായിരുന്നു കൊടി സുനി.