സെയ്ഫ് അലിഖാന് ലഭിക്കുന്ന ഇന്‍ഷുറന്‍സ് തുകയുടെ വിവരങ്ങള്‍ പുറത്തുവന്നത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. 35.95 ലക്ഷം രൂപയാണ് സെയ്ഫിന് ഇന്‍ഷുറന്‍സ് തുകയായി ലഭിക്കുന്നത് എന്നാണ് വിവരങ്ങള്‍. ഫൈനല്‍ ബില്‍ സമര്‍പ്പിക്കുന്നത് അനുസരിച്ച് ബാക്കിയുള്ള തുക അനുവദിക്കുമെന്ന് സംഭവം സ്ഥിരീകരിച്ച് നിവ ബുപ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ ഒരു സാധാരണക്കാരനാണ് പരിക്കേറ്റതെങ്കില്‍ ഇത്രയും വലിയ തുക അനുവദിക്കാന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി തയ്യാറാകില്ലെന്ന് പറയുകയാണ് മുംബൈയില്‍ നിന്നുള്ള കാര്‍ഡിയാക് സര്‍ജന്‍ ഡോ. പ്രശാന്ത് മിശ്ര. എക്‌സിലൂടെ ഡോ. മിശ്ര നടത്തിയ പ്രതികരണം ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിട്ടുണ്ട്.
''ചെറിയ ആശുപത്രികള്‍ക്കും സാധാരണക്കാരനും ഇത്തരം ചികിത്സയ്ക്കായി അഞ്ച് ലക്ഷം രൂപയിലധികം അനുവദിക്കില്ല. എല്ലാ പഞ്ചനക്ഷത്ര ആശുപത്രികളും ഭീമമായ ഫീസ് ഈടാക്കുന്നു, മെഡിക്ലെയിം കമ്പനികള്‍ അടയ്ക്കുകയും ചെയ്യുന്നു. ഫലം: പ്രീമിയം ഉയരുന്നു. ഇടത്തരക്കാര്‍ ബുദ്ധിമുട്ടുന്നു'' എന്നാണ് സെയ്ഫിന്റെ ഇന്‍ഷുറന്‍സ് ക്ലെയിം എന്ന രേഖ റീട്വീറ്റ് ചെയ്തുകൊണ്ട് ഡോക്ടര്‍ പ്രതികരിച്ചത്.