CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 58 Seconds Ago
Breaking Now

നഴ്‌സിംഗ് കോളേജിലെ റാഗിംഗ്: പ്രതികള്‍ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയെന്ന് പരാതി; ദൃശ്യങ്ങള്‍ പൊലീസിന്

പ്രതികള്‍ നിരന്തരമായി വിദ്യാര്‍ത്ഥികളോട് പണം ആവശ്യപ്പെട്ടിരുന്നതായും പരാതി.

കോട്ടയം ഗാന്ധിനഗര്‍ നഴ്‌സിംഗ് കോളേജിലെ പ്രതികള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തിയതില്‍ കേസ്. ഇടുക്കി ഏലപ്പാറ സ്വദേശിയായ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ ആറ് പേരെ പ്രതികള്‍ മാസങ്ങളോളം ക്രൂരമായി റാഗിംഗ് ചെയ്തിരുന്നുവെന്നും പരാതിയുണ്ട്. പ്രതികള്‍ നിരന്തരമായി വിദ്യാര്‍ത്ഥികളോട് പണം ആവശ്യപ്പെട്ടിരുന്നതായും പരാതി. റാഗിംഗ് ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

ബിഎന്‍എസ് 118, 308, 351 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. അതേ സമയം അറസ്റ്റിലായ പ്രതികളെ ഇന്ന് രാവിലെ പത്ത് മണിയോട് കൂടി വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകും.

ഇന്ന് പുലര്‍ച്ചെ ഹോസ്റ്റലില്‍ നിന്നാണ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ ഗാന്ധി നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെയും പ്രിന്‍സിപ്പലിന്റെയും പരാതിയിലായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. വിവേക്, രാഹുല്‍ രാജ്, ജീവ, സാമുവല്‍ ജോണ്‍, റിജില്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കോമ്പസ് ഉപയോഗിച്ച് മുറിവേല്‍പ്പിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ ഡമ്പല്‍ തൂക്കുകയും ചെയ്തതായി വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ പറയുന്നു. മൂന്ന് മാസത്തോളം പീഡനങ്ങള്‍ തുടര്‍ന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.

 




കൂടുതല്‍വാര്‍ത്തകള്‍.