മുംബൈ ഭീകരാക്രമണകേസില്‍ ഇന്ത്യയ്ക്ക് കൈമാറെരുതെന്ന ഭീകരന്‍ തഹാവൂര്‍ റാണയുടെ ഹര്‍ജി യുഎസ് സുപ്രീംകോടതി തള്ളി. പാക്ക് വംശജനായ കനേഡിയന്‍ പൗരനാണ് തഹാവൂര്‍ റാണ. മുംബൈ ഭീകരാക്രമണക്കേസിലെ ബുദ്ധികേന്ദ്രമായ ഇയാള്‍ നല്‍കിയ അപേക്ഷ യുഎസ് സുപ്രീംകോടതി നിരസിച്ചു. യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ജോണ്‍ റോബര്‍ട്ട്സ് ആണ് ഹര്‍ജി തള്ളിയത്. ഇതോടെ ഇയാളെ ഇന്ത്യയിലേക്ക് കൊണ്ടുവരുവാനുള്ള ശ്രമങ്ങള്‍ കേന്ദ്രം വേഗത്തിലാക്കിയിട്ടുണ്ട്.
64 കാരനായ തഹാവൂര്‍ റാണയെ ലോസാഞ്ചലസിലെ മെട്രോപോളിറ്റന്‍ ജയിലില്‍ അടച്ചിരിക്കുകയാണിപ്പോള്‍. പാക് വംശജനും മുസ്ലിം വിശ്വാസിയും ആയതിനാല്‍ ഇന്ത്യയില്‍ പീഡിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നായിരുന്നു 64 കാരനായ റാണയുടെവാദം.
2008 നവംബര്‍ 26ന് 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തില്‍ ഇന്ത്യ തേടുന്ന കുറ്റവാളിയാണ് റാണ. പാക് ഭീകരസംഘടനകള്‍ക്കുവേണ്ടി മുംബൈയില്‍ ഭീകരാക്രമണം നടത്താന്‍ സുഹൃത്തും യുഎസ് പൗരനുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിക്കൊപ്പം റാണ ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയിരുന്നു. ജനുവരിയില്‍ സുപ്രീംകോടതി റാണയുടെ പുനഃപരിശോധനാഹര്‍ജി തള്ളിയതിനെത്തുടര്‍ന്നായിരുന്നു ഇത്. ഇതേത്തുടര്‍ന്ന് ഈ ഉത്തരവ് സ്റ്റേചെയ്യണമെന്നാവശ്യപ്പട്ട് റാണ സമര്‍പ്പിച്ച അടിയന്തര അപേക്ഷ യു.എസ്. സുപ്രീംകോടതി മാര്‍ച്ചില്‍ തള്ളിയിരുന്നു. 2008 നവംബര്‍ 26 നുണ്ടായ മുംബൈ ഭീകരാക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്.