ജബല്‍പൂരില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കും വൈദികര്‍ക്കും എതിരായ അതിക്രമത്തില്‍ എഫ്ഐആറില്‍ പൊലീസിന്റെ ഒളിച്ചുകളി. പ്രതികളെ തിരിച്ചറിഞ്ഞു എന്ന് പറഞ്ഞ പൊലീസ്, പേരുകള്‍ എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയില്ല. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും എന്നാണ് എഫ്ഐആര്‍ വ്യക്തമാക്കുന്നത്.
നേരത്തെ ജബല്‍പൂര്‍ എസ്പി സതീശ് കുമാര്‍ അക്രമം നടത്തിയവരെ തിരിച്ചറിഞ്ഞുവെന്നാണ് പറഞ്ഞത്. എന്നാല്‍ എഫ്ഐആറില്‍ തിരിച്ചറിയാത്ത രണ്ട് പുരുഷന്മാരും സ്ത്രീയുമെന്നാണ് രേഖപ്പെടുത്തിയത്. ജബല്‍പൂര്‍ വിഷയത്തില്‍ രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്കൊടുവിലായിരുന്നു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കത്തോലിക്ക വിശ്വാസികള്‍ ജബല്‍പൂരിലെ വിവിധ കത്തോലിക്ക പള്ളികളിലേക്ക് തീര്‍ത്ഥാടനം നടത്തുന്നതിനിടെയാണ് തീവ്ര ഹിന്ദുത്വവാദികള്‍ ആക്രമണം നടത്തിയത്. ജബല്‍പൂര്‍ വികാരി ജനറല്‍ ഫാദര്‍ ഡേവിസ്, രൂപതാ പ്രൊക്യുറേറ്റര്‍ ഫാദര്‍ ജോര്‍ജ് ടി എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന പുരോഹിതന്മാരെയാണ് വിഎച്ച്പി പ്രവര്‍ത്തകര്‍ ആക്രമിച്ചത്.
ഇതോടെ ഓംതി പൊലീസ് വിഷയത്തില്‍ ഇടപെട്ടു. വൈദികര്‍ അടങ്ങുന്ന സംഘത്തെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വൈകാതെ തന്നെ ഇവരെ വിട്ടയയ്ക്കുകയും ചെയ്തു. ഇതിന് പിന്നാലെ വൈദികര്‍ മറ്റൊരു പള്ളിയിലേക്ക് യാത്ര തിരിച്ചു എന്നാല്‍ വീണ്ടും അക്രമികള്‍ ഇവരെ തടഞ്ഞു. വൈദികരെ അക്രമികള്‍ തടഞ്ഞുനിര്‍ത്തി റാഞ്ചി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും പൊലീസിന്റെ സാന്നിധ്യത്തില്‍ ആക്രമിക്കുകയും ചെയ്തു. മണിക്കൂറുകള്‍ പൊലീസ് സ്റ്റേഷനില്‍ തുടര്‍ന്ന ശേഷമാണ് വൈദികരും തീര്‍ത്ഥാടകരും മാണ്ട്‌ലയിലേക്ക് പോയത്.