പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനെതിരെയുള്ള കടുത്ത നടപടികള്‍ക്ക് വേഗം കൂട്ടി ഇന്ത്യ. ഇതിന്റെ ഭാഗമായി സിന്ധു നദീജല കരാര്‍ മരവിപ്പിച്ച് ഇന്ത്യ വിജ്ഞാപനം ഇറക്കി. പാകിസ്ഥാനെ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിട്ടുമുണ്ട്. പാകിസ്ഥാന്റെ തുടര്‍ച്ചയായ അതിര്‍ത്തി കടന്നുള്ള ഭീകരവാദമാണ് കരാറില്‍ നിന്നുള്ള പിന്മാറ്റത്തിന് കാരണമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
പാകിസ്ഥാന്‍ നടത്തിയ മറ്റ് ലംഘനങ്ങള്‍ക്ക് പുറമെ, കരാറില്‍ വിഭാവനം ചെയ്തിട്ടുള്ളതുപോലെ ചര്‍ച്ചകളില്‍ ഏര്‍പ്പെടാനുള്ള ഇന്ത്യയുടെ അഭ്യര്‍ത്ഥനയോട് പ്രതികരിക്കാന്‍ പാകിസ്ഥാന്‍ വിസമ്മതിക്കുകയും കരാര്‍ ലംഘിക്കുകയും ചെയ്തുവെന്ന് ജലശക്തി മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ സിന്ധു നദീജല കരാര്‍ തല്‍ക്ഷണം മരവിപ്പിക്കാന്‍ തീരുമാനിച്ചെന്നാണ് അറിയിപ്പ്.
അതേസമയം, കടുത്ത നടപടികളിലേക്ക് ഇന്ത്യ കടന്നതിന് പിന്നാലെ പാകിസ്ഥാനും പ്രതികരിച്ചിരുന്നു. സിന്ധു നദീജല കരാര്‍ ലംഘിക്കുന്നത് യുദ്ധമായി കണക്കാക്കുമെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കി. സിന്ധു നദീ ജല കരാര്‍ പ്രകാരം പാകിസ്ഥാന് ലഭിക്കേണ്ട വെള്ളം വഴിതിരിച്ചുവിടാനോ തടയാനോയുള്ള ഏതൊരു നടപടിയും യുദ്ധസമാന നടപടിയായി കണക്കാക്കുമെന്നാണ് പാകിസ്ഥാന്‍ വ്യക്തമാക്കുന്നത്. സിന്ധു നദീജല ഉടമ്പടി (ഐഡബ്ല്യുടി) അടിയന്തര പ്രാബല്യത്തില്‍ വരില്ലെന്ന് വ്യാഴാഴ്ച വൈകിയാണ് ഇന്ത്യ പാകിസ്ഥാനെ ഔദ്യോഗികമായി അറിയിച്ചത്. ഏപ്രില്‍ 27 മുതല്‍ പാകിസ്ഥാന്‍ പൗരന്മാര്‍ക്കുള്ള നിലവിലുള്ള എല്ലാ വിസകളും റദ്ദാക്കാനും അവര്‍ക്കുള്ള വിസ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും തീരുമാനിച്ചു.