ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ നാല് വയസ്സുള്ള മകന്‍ ഭയന്ന് നോക്കി നില്‍ക്കെ, 40 വയസ്സുള്ള ഒരു ദളിത് സ്ത്രീയെ രണ്ട് പുരുഷന്മാര്‍ തോക്ക് ചൂണ്ടി കൂട്ടബലാത്സംഗം ചെയ്തു. ഏപ്രില്‍ 17 നാണ് ക്രൂരമായ ആക്രമണം നടന്നത്. എന്നാല്‍ ഇരയായ സ്ത്രീ ധൈര്യം സംഭരിച്ച് ഈ ആഴ്ച പോലീസിനെ സമീപിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. മകന്റെ മുടിവെട്ടി തിരികെ വരുമ്പോഴാണ് പ്രതിയായ രാംജി യാദവും ഒരു അജ്ഞാത സഹായിയും പാലത്തിന് സമീപം വെച്ച് തന്നെ തടഞ്ഞുനിര്‍ത്തി പീഡനത്തിനിരയാക്കിയതെന്ന് അതിജീവിച്ച സ്ത്രീ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ''എന്റെ കുടുംബം പോറ്റാന്‍ 20,000 രൂപ വായ്പ തരാമെന്ന് പറഞ്ഞ് അവര്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നതായി നടിച്ചു.'' വിറയ്ക്കുന്ന ശബ്ദത്തോടെ ആ സ്ത്രീ പറഞ്ഞു.
അവരെ മോട്ടോര്‍ സൈക്കിളില്‍ കയറ്റാന്‍ പ്രലോഭിപ്പിച്ച ശേഷം, അവര്‍ അമ്മയെയും മകനെയും ഒറ്റപ്പെട്ട ഒരു കൃഷിയിടത്തിലേക്ക് കൊണ്ടുപോയി. ''എന്റെ കുട്ടിയുടെ തലയ്ക്ക് നേരെ നാടന്‍ തോക്ക് ചൂണ്ടി അവര്‍ എന്നെ ഊഴമനുസരിച്ച് ബലാത്സംഗം ചെയ്തു.'' ഇര അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. സഹായത്തിനായി നിലവിളിച്ചാല്‍ ''അവന്റെ തലച്ചോര്‍ തകര്‍ക്കുമെന്ന്'' അക്രമികള്‍ ഭീഷണിപ്പെടുത്തിയതായി അവര്‍ കൂട്ടിച്ചേര്‍ത്തു. പോലീസിന്റെ അഭിപ്രായത്തില്‍ സവര്‍ണ ജാതികളില്‍ നിന്നുള്ള പ്രതികള്‍ ആക്രമണത്തിനിടെ ജാതീയമായി അധിക്ഷേപിച്ചതായി ആരോപിക്കപ്പെടുന്നു. ''നിങ്ങള്‍ ദളിത് സ്ത്രീകള്‍ ഇതിന് വേണ്ടിയുള്ളവരാണ്.'' അവരില്‍ ഒരാള്‍ പരിഹസിച്ചു. കുറ്റകൃത്യത്തിന്റെ ഗൗരവം എത്ര വലുതാണെങ്കിലും, നാല് ദിവസത്തിന് ശേഷമാണ് അധികൃതര്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.