പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന പ്രദേശവാസിയുടെ വീട് ജമ്മു കശ്മീര്‍ ഭരണകൂടം ഇടിച്ചുനിരത്തിയെന്ന് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ സംശയിക്കപ്പെടുന്ന ആദില്‍ തോക്കറിന്റെ വീടാണ് വ്യാഴാഴ്ച രാത്രി പ്രാദേശിക ഭരണകൂടം തകര്‍ത്തത്.
2018 ല്‍ അട്ടാരി- വാഗ അതിര്‍ത്തി വഴി പാകിസ്ഥാനിലേക്ക് നിയമപരമായി യാത്ര ചെയ്ത ആദില്‍ തോക്കര്‍, കഴിഞ്ഞ വര്‍ഷം ജമ്മു കശ്മീരിലേക്ക് രഹസ്യമായി മടങ്ങുന്നതിന് മുമ്പ് തീവ്രവാദ പരിശീലനം നേടിയതായി ആരോപിക്കപ്പെടുന്നു. സമീപകാല ആക്രമണത്തില്‍ ഉള്‍പ്പെട്ട പാകിസ്ഥാന്‍ ഭീകരരുടെ ഗൈഡായും ലോജിസ്റ്റിക്‌സ് കോര്‍ഡിനേറ്ററായും ആദില്‍ തോക്കര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) ഭീകരരായ ആദില്‍ ഹുസൈന്‍ തോക്കര്‍, അലി ഭായ്, ഹാഷിം മൂസ എന്നിവരെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അനന്ത്നാഗ് പൊലീസ് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.