CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 19 Seconds Ago
Breaking Now

സീറോമലബാര്‍ വാത്സിങ്ങ്ഹാം തീര്‍ത്ഥാടനം ജൂലൈ 19 ന്; ജൂബിലി വര്‍ഷത്തിലെ, പ്രത്യാശയുടെ തീര്‍ത്ഥാടനത്തില്‍ ആയിരങ്ങള്‍ ഒഴുകിയെത്തും; 'വാത്സിങ്ങ്ഹാം തീര്‍ത്ഥാടന 'ചരിത്രമറിയാം

വാത്സിങ്ങാം: ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് വിഖ്യാതമായതും, റോം, ജെറുശലേം, സന്ത്യാഗോ (സെന്റ്. ജെയിംസ്) എന്നീ പ്രമുഖ ആഗോള കത്തോലിക്ക തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്കൊപ്പം തന്നെ മഹനീയ സ്ഥാനം വഹിക്കുന്നതും, പ്രമുഖ മരിയന്‍ പുണ്യകേന്ദ്രവുമായ വാത്സിങ്ങ്ഹാമില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭയുടെ തീര്‍ത്ഥാടനം ജൂലൈ 19 നു ശനിയാഴ്ച നടക്കും. വാത്സിങ്ങാം തീര്‍ത്ഥാടനം ഭക്തിനിര്‍ഭരമായും ആഘോഷപ്പൊലിമ ചോരാതെയും നടത്തുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി തീര്‍ത്ഥാടക സംഘാടകര്‍ അറിയിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബിഷപ്പായ അഭിവന്ദ്യ മാര്‍ ജോസഫ് ശ്രാമ്പിക്കല്‍  നയിക്കുന്ന തീര്‍ത്ഥാടനത്തിന്, നോര്‍വിച്ച്, ഗ്രേറ്റ് യാര്‍മൗത് ഇടവകകളുടെ വികാരിയായ ഫാ .ജിനു മുണ്ടുനടക്കലിന്റെ  നേതൃത്വത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കേംബ്രിഡ്ജ് റീജിയണിലെ വിശ്വാസ സമൂഹമാണ് ആതിഥേയത്വവും ഒരുക്കങ്ങളും ചെയ്യുന്നത്. 

ഗബ്രിയേല്‍ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ച് ദൈവ കല്പനയുടെ മംഗള വാര്‍ത്ത നല്‍കിയ നസ്രത്തിലെ ഭവനത്തിന്റെ തനി പകര്‍പ്പ് ഇംഗ്ലണ്ടില്‍ നിര്‍മ്മിക്കണമെന്ന പരിശുദ്ധ അമ്മയുടെ ഇംഗിതത്തില്‍ ഇംഗ്ലണ്ടിലേക്ക് നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടു എന്ന് വിശ്വസിക്കുന്ന മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമാണ് വാത്സിങ്ങാം. അതിനാല്‍ത്തന്നെ വാത്സിങ്ങാം ദൈവപുത്രന്റെ അവതാര 'പ്രഖ്യാപനത്തിന്റെ മഹത്തായ സന്തോഷത്തില്‍' പരിശുദ്ധ മറിയത്തോടൊപ്പം സന്തോഷിക്കുന്ന എല്ലാവരുടെയും തീര്‍ത്ഥാടന കേന്ദ്രമാണ്.

ജൂലൈ പത്തൊന്‍പതിനു രാവിലെ ഒന്‍പതുമണിയോടെ ആരംഭിക്കുന്ന വാത്സിങ്ങാം തീര്‍ത്ഥാടന തിരുന്നാള്‍ ശുശ്രൂഷകളില്‍, ജപമാല, കൊടിയേറ്റ്, മരിയന്‍ പ്രഭാഷണം, ആരാധന, പ്രദക്ഷിണം എന്നിവയും ഉള്‍പ്പെടും.  ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കുന്ന ആഘോഷമായ തിരുന്നാള്‍ സമൂഹ ദിവ്യബലിക്ക് ശേഷം തീര്‍ത്ഥാടന തിരുന്നാള്‍ സമാപിക്കും.     

ഇംഗ്ലണ്ടിലെ സീറോ മലബാര്‍ വിശ്വാസി സമൂഹത്തിന്റെ ഏറെ നാളത്തെ കാത്തിരിപ്പിനും പ്രാര്‍ത്ഥനകള്‍ക്കും ശേഷം സ്ഥാപിതമായ ഗ്രേറ്റ്  ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ ഇത് ഒമ്പതാം  തവണയാണ് തീര്‍ത്ഥാടനം നടക്കുവാന്‍ പോകുന്നത്. യൂറോപ്പിലെമ്പാടുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ സംഗമവേദികൂടി യാണ് വാത്സിങ്ങാം മരിയ തീര്‍ത്ഥാടനം. വര്‍ഷം തോറും മുടങ്ങാതെ, ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും മരിയ ഭക്തിയുടെ ഉറച്ച പ്രഘോഷണപ്പൊലിമ കൊണ്ടും അത്യാഘോഷപൂര്‍വ്വം നടത്തപ്പെടുന്ന ഈ മഹാ മരിയന്‍ സംഗമം സഭയുടെ പാശ്ചാത്യ നാടുകളിലെ വളര്‍ച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു. 

ഇംഗ്ലണ്ടിലെ നസ്രേത് എന്നറിയപ്പെടുന്ന മനോഹര ഗ്രാമമായ വാഷിങ്ഹാമില്‍ നടക്കുന്ന ശുശ്രൂഷകളില്‍ പങ്കു ചേര്‍ന്ന് അനുഗ്രഹപൂരീകരണത്തിനായി വിശ്വാസികള്‍ ഇപ്പോഴേ തന്നെ തങ്ങളുടെ അവധി ദിനങ്ങള്‍ ക്രമീകരിച്ചു ഒരുക്കങ്ങള്‍ തുടങ്ങേണ്ടതാണെന്നു തിരുനാള്‍ ഭാരവാഹികള്‍ അറിയിച്ചു.

തീര്‍ത്ഥാടന കേന്ദ്രത്തിന്റെ വിലാസം:

Catholic National Shrine Of Our Lady, Walshingham, Houghton St.Giles, Norfolk, NR22 6AL  

 

വാല്‍സിംഗ്ഹാം തീര്‍ത്ഥാടന ചരിത്രം:

തികഞ്ഞ ക്രിസ്തു ഭക്തനായിരുന്ന എഡ്വേര്‍ഡ് രാജാവിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു പത്താം നൂറ്റാണ്ടിന്റെ മധ്യത്തില്‍ വാത്സിങ്ങാം എന്ന പ്രദേശം. അവിടുത്തെ പ്രഭുകുടുംബത്തിലെ പ്രധാന വനിതയായിരുന്ന റിച്ചെല്‍ഡിസ്ഡി ഫവേര്‍ചെസ് പ്രഭ്വി പരിശുദ്ധ മാതാവിന്റെ തികഞ്ഞ ഭക്തകൂടിയായിരുന്നു. പരിശുദ്ധ കന്യകാ മറിയത്തെ തന്റെ ജീവിതത്തിന്റെ കേന്ദ്രമാക്കി  പ്രതിഷ്ഠിച്ചിരുന്ന പ്രഭ്വി പുണ്യകര്‍മ്മങ്ങള്‍ക്കും ഭക്ത ജീവിതത്തിനും തന്റെ ജീവിതത്തില്‍ വലിയ പ്രാധാന്യം നല്കിപ്പോന്നിരുന്നു. തന്റെ ജീവിതത്തില്‍ മാതാവിനായി എന്തെങ്കിലും മഹത്തായ ഒരു കാര്യം ചെയ്യണം എന്ന്  അതിയായി ആഗ്രഹിക്കുകയും എന്നും ഇക്കാര്യം പറഞ്ഞു കന്യകാ മാതാവിനോട് നിരന്തരമായി പ്രാര്‍ത്ഥിക്കുകയും ചെയ്തു പോന്നിരുന്നു.

തീക്ഷ്ണമായ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ഒരു നാള്‍ റിച്ചെല്‍ഡിസ് ഡി ഫവേര്‍ചെസ് പ്രഭ്വിക്ക് മാതാവ് സ്വപ്നത്തില്‍ ദര്‍ശനം നല്‍കുകയും അവളെ കൂട്ടിക്കൊണ്ടു നസ്രേത്തിലെ വീട്ടിലേക്കു പോവുകയും ചെയ്തു. ഗബ്രിയേല്‍ ദൂതന്‍ പരിശുദ്ധ അമ്മക്ക്  മംഗളവാര്‍ത്തയുമായി പ്രത്യക്ഷപ്പെട്ട അനുഗ്രഹ മുറിയില്‍ വെച്ച് അമ്മ തന്റെ ഭക്തയോട് ആ മുറിയുടെ അളവുകള്‍ കൃത്യമായി എടുക്കാന്‍  ആവശ്യപ്പെടുകയും അതിനു സഹായിക്കുകയും ചെയ്തു. ഈ ദര്‍ശനം തുടര്‍ച്ചയായ മൂന്നു പ്രാവശ്യം റിച്ചെല്‍ഡിസ് പ്രഭ്വിക്കുണ്ടായി.

'നന്മ നിറഞ്ഞവളെ നിനക്ക്  സ്വസ്തി' എന്ന് വിളിച്ചു കൊണ്ട് പ്രത്യക്ഷപ്പെട്ട ദൈവദൂതന്‍, ലോകത്തിന്റെ മുഴുവനും നാഥനാകാന്‍ പോകുന്നവന്റെ അമ്മയാകുള്ള സദ്വാര്‍ത്ത അറിയിച്ച അതേ ഗൃഹത്തിന്റെ ഓര്‍മ്മക്കായി താന്‍ കാട്ടിക്കൊടുത്ത അളവുകളില്‍ ഒരു ദേവാലയം പണിയുവാനും അതിനു 'സദ്വാര്‍ത്തയുടെ ആലയം' എന്ന് പേര് നല്‍കുവാനും അമലോത്ഭവ മാതാവ് റിച്ചെല്‍ഡ്‌സിയോട് ആവശ്യപ്പെട്ടു.

അടുത്ത ദിവസം തന്നെ റിച്ചെല്‍ഡിസ് പ്രഭ്വി ദര്‍ശനത്തില്‍ കണ്ട പ്രകാരം ദേവാലയം നിര്‍മ്മിക്കുവാന്‍ വേണ്ട ശില്പികളെയും പണിക്കാരെയും വിളിച്ചു കൂട്ടി തന്റെ സ്വപ്നവും  പരിശുദ്ധ മറിയത്തിന്റെ ആഗ്രഹവും വിശദീകരിക്കുകയും ഏറ്റവും അടുത്ത ദിവസം തന്നെ പണി തുടങ്ങുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ എവിടെ ദേവാലയം പണിയണം എന്നൊരു വ്യക്തതയും ഇല്ലാതെ നിന്ന സന്നിഗ്ദ ഘട്ടത്തില്‍ പ്രാര്‍ത്ഥന തുടര്‍ന്നപ്പോള്‍  ഉണ്ടായ ദര്‍ശന മദ്ധ്യേ മാതാവ്  'നാളെ രാവിലെ ഒരത്ഭുതം ഗ്രാമവാസികള്‍  കാണും. അതോടെ എല്ലാ അവ്യക്തതകളും മാറി ദേവാലയ  നിര്‍മ്മാണം ആരംഭിക്കും' എന്ന് വാഗ്ദാനം നല്‍കി.

അന്ന് രാത്രി പരിശുദ്ധ അമ്മ വലിയ ഒരത്ഭുതമാണ് അവര്‍ക്കായി ഒരുക്കിയത്. മുഴുവന്‍ പുല്‍മേടുകളും പുല്‍മൈതാനങ്ങളും നിറഞ്ഞ പ്രദേശമായ വാത്സിങ്ങാമില്‍ പതിവില്‍ നിന്നും വിരുദ്ധമായി അതിശക്തമായ മഞ്ഞു കണങ്ങള്‍ നേരം പുലരുവോളം ഇടതടവില്ലാതെ പെയ്തിറങ്ങി. പിറ്റേന്ന് പുലര്‍ച്ചെ റിച്ചെല്‍ഡിസ് പ്രഭ്വിക്കൊപ്പം  ഗ്രാമവാസികള്‍ കണ്ട കാഴ്ചയില്‍ എങ്ങും മഞ്ഞു കണങ്ങളാല്‍ മൂടിയ പുല്‍മൈതാനത്തിലെ രണ്ടിടങ്ങള്‍ മാത്രം ഉണങ്ങി വരണ്ടു കിടക്കുന്നു.പിന്നെ ഒട്ടും അമാന്തിക്കാതെ അമ്മ കാട്ടിക്കൊടുത്ത രണ്ടിടങ്ങളില്‍ ഏറ്റവും നല്ല ഭാഗത്തായി ദേവാലയ നിര്‍മ്മാണം ആരംഭിച്ചു. ഒരുവശത്ത് ദേവാലയ നിര്‍മ്മാണം നടക്കുമ്പോള്‍ മറുവശത്ത് കഠിനമായ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും റിച്ചെല്‍ഡിസ സമയം ചിലവഴിച്ചു.

മാനുഷിക കണക്കുകൂട്ടലില്‍ നിര്‍മ്മാണം ആരംഭിച്ചെങ്കിലും അടിത്തറ നിര്‍മ്മാണത്തില്‍ എത്ര ശ്രമിച്ചിട്ടും കല്ലുകള്‍ ഉറക്കുന്നില്ല. പലവട്ടം ശ്രമിച്ചു നിരാശരായ പണിക്കാരെ  റിച്ചെല്‍ഡിസ അവരവരുടെ വീടുകളിലേക്ക് പറഞ്ഞയച്ച ശേഷം തന്റെ കഠിനമായ പ്രാര്‍ത്ഥന തുടര്‍ന്നു.

 'പരിശുദ്ധ മറിയത്തിന്റെ പ്രേരണയാല്‍ പണി തുടങ്ങിയ ആലയം ആ അമ്മ തന്നെ പൂര്‍ത്തീകരിക്കും' എന്ന് ആ ഭക്ത സ്ത്രീ ഉറച്ചു വിശ്വസിച്ചിരുന്നു. പിറ്റേന്ന് രാവിലെ പണി സ്ഥലത്തു  കണ്ടത് തങ്ങള്‍ക്കു തുടരാനാവാതെ പോയ അടിത്തറയുടെ മുകളില്‍ ഏതാണ്ട് ഇരുന്നൂറ് അടികളോളം ഉയരത്തില്‍ ഏറെ ശില്‍പ്പ ചാരുതയോടെയും അത്യധികം ഉറപ്പോടെയും ഉയര്‍ന്നു നില്‍ക്കുന്ന ദേവാലയം ആയിരുന്നു. പണി തുടരാനാവാതെ റിച്ചെല്‍ഡിസ് വിഷമിച്ചു പ്രാര്‍ത്ഥിച്ച ആ രാത്രിയില്‍ പരിശുദ്ധ കന്യകാമറിയം തന്നെ മാലാഖ വൃന്ദങ്ങളെ അയച്ചു തന്റെ ഭവനം കെട്ടിപ്പൊക്കുകയാണുണ്ടായത് എന്നാണ് പരമ്പരാഗതമായ വിശ്വാസം.

നസ്രേത്തിലെ ഭവനത്തിന്റെ മാതൃകയില്‍ പണിതുയര്‍ത്തപ്പെട്ട ദേവാലയം അന്ന് മുതല്‍  അനവധി നിരവധി അത്ഭുതങ്ങളുടെ  സാക്ഷ്യ കൂടാരമായി മാറുകയായിരുന്നു എന്ന് ചരിത്രം പറയുന്നു. പിന്നീട്  തകര്‍ക്കപ്പെട്ട ആ ദേവാലയത്തിന്റെ അവശിഷ്ടം ഇപ്പോഴും കാണാവുന്നതാണ്.

വാല്‍ത്സിങ്ങാമിന്റെ ചുറ്റിലുമുള്ള നാലില്‍ രണ്ടു ഭാഗങ്ങളും   സമുദ്രത്താല്‍ വലയം ചെയ്യപ്പെട്ടിരിക്കെ ദേവാലയം പണിതതിനു  ശേഷമുള്ള ആദ്യനാളുകള്‍ മുതല്‍ തന്നെ കാറ്റിലും കോളിലും പെട്ട് ദിശതെറ്റി, കരയെവിടെ  എന്നറിയാതെ ഉഴലുന്ന കടല്‍ സഞ്ചാരികളെ അത്ഭുതമായി കാറ്റ് വീശി രക്ഷിച്ചു കരക്കടുപ്പിച്ചിരുന്ന ഒരു പ്രദേശമായി ഈ ഗ്രാമം അറിയപ്പെടാന്‍ തുടങ്ങി. ക്രമേണ കടല്‍ യാത്രക്കാരുടെ ഇടയില്‍ വാത്സിങ്ങാമിലെ മാതാവ് തങ്ങളുടെ രക്ഷയുടെ കേന്ദ്രമായി അറിയപ്പെടാന്‍ തുടങ്ങിയതായി ചരിത്രം പറയുന്നു.

മാതൃ നിര്‍ദ്ദേശത്താല്‍ പ്രാര്‍ത്ഥിക്കുവാന്‍ സൗകര്യം ഒരുക്കപ്പെട്ട 'വാത്സിങ്ങാമില്‍ എത്തി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ഫലസിദ്ധിയും  മറുപടിയും ലഭിക്കുമെന്നും' പരിശുദ്ധ അമ്മ വാഗ്ദാനം നല്‍കിയിരുന്നു. ഇവിടെയെത്തി വാത്സിങ്ങാം അമ്മയുടെ മാദ്ധ്യസ്ഥം വഴി പ്രാര്‍ത്ഥിച്ചു ഉദ്ദിഷ്ഠ കാര്യം സാധിച്ചവരുടെയും,രോഗ സൗഖ്യം നേടിയവരുടെയും, മുക്തി കിട്ടിയ അനേക ക്ലേശിതരുടെയും അനവധി നിരവധി വിശ്വാസ ജീവിത സാക്ഷ്യങ്ങള്‍ രേഖകളില്‍ നമുക്ക് കാണാനാവും.  

വാല്‍ത്സിങ്ങാമില്‍ 1061ല്‍ നിര്‍മ്മിതമായ ആ പുണ്യ ദേവാലയത്തിന്റെ ചുമതല റിച്ചെല്‍ഡിസ് പ്രഭ്വിയുടെ കാലശേഷം മകന്‍ ജഫ്രി ഏറ്റെടുക്കുകയും പിന്നീട് അത് 1130  കാലഘട്ടത്തില്‍ അഗസ്റ്റീനിയന്‍ കാനന്‍സ് എന്ന സന്യാസ സമൂഹത്തിനു നല്‍കുകയും ചെയ്തു.അവരുടെ കീഴില്‍ ഈ ദേവാലയം മദ്ധ്യകാല യൂറോപ്പിലെ ഒരു പ്രധാന ആരാധനാ കേന്ദ്രമായി മാറിയിരുന്നു. 1226 കാലഘട്ടങ്ങളില്‍ ഇംഗ്ലണ്ട് ഭരിച്ച ഹെന്റി മൂന്നാമന്‍ മുതല്‍ 1511 ല്‍ കിരീടാവകാശിയായ ഹെന്റി എട്ടാമന്‍ വരെയുള്ളവര്‍ മാതൃ ഭക്തിയില്‍ വാത്സിങ്ങാമിലേക്കു  നഗ്‌നപാദരായി തീര്‍ത്ഥാടനങ്ങള്‍ നടത്തിയിരുന്നു.

1538 ല്‍ ലോകചരിത്രം തന്നെ മാറ്റിമറിച്ച മതനവീകരണ മാറ്റങ്ങള്‍ക്ക് ഇംഗ്ലണ്ട് സാക്ഷ്യം വഹിച്ചു. ഹെന്റി എട്ടാമന്‍  രാജാവ്  കത്തോലിക്കാ സഭയുമായി തെറ്റി 'ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്' സ്ഥാപിച്ച് ഈ പുണ്യകേന്ദ്രവും സ്വത്തു വകകളും തന്റെ അധീനതയില്‍ ആക്കുകയും പൂര്‍ണ്ണമായും നശിപ്പിക്കുകയും ചെയ്തു. പതിനെട്ടാം നൂറ്റാണ്ടോടെ മതനവീകരണ മുന്നേറ്റം വിശാല മനസ്ഥിതിയോടെ പുനര്‍നവീകരിക്കപ്പെട്ടു. അങ്ങിനെ 1896 ല്‍ ഷാര്‍ലറ്റ് പിയേഴ്‌സണ്‍ ബോയ്ഡ് എന്ന വനിത വാത്സിങ്ങാം മാതാവിന്റെ ദേവാലയം നിലനിന്നിരുന്ന ഗ്രാമത്തിനു പുറത്തുള്ള സ്ലിപ്പര്‍ ചാപ്പല്‍ വിലക്ക് വാങ്ങുകയും അതിനെ പുനരുദ്ധീകരിച്ച ശേഷം പരിശുദ്ധ കത്തോലിക്കാ സഭക്കായി വിട്ടു നല്‍കുകയും ചെയ്തു.

കിങ്സ്ലിനിലെ മംഗള വാര്‍ത്താ സ്മാരക ദേവാലയത്തില്‍ അമ്മയുടെ നശിപ്പിക്കപ്പെട്ട തിരു സ്വരൂപത്തിന്റെ മാതൃകയില്‍ ഒരു രൂപം നിര്‍മ്മിക്കുകയും വാല്‍ത്സിങ്ങാമിലേക്കുള്ള ആദ്യ തീര്‍ത്ഥാടനം അവിടെനിന്നും 1897 ആഗസ്റ്റ് 20 ന് ആരംഭിക്കുകയും ചെയ്തതായി ചരിത്രം  രേഖപ്പെടുത്തുന്നു.

1922 ല്‍ വാത്സിങ്ങാമിലെ പുതിയ വികാരിയായി നിയമിതനായ റവ:ആല്‍ഫ്രഡ് ഹോപ്പ് പാറ്റേണ്‍ എന്ന ആംഗ്ലിക്കന്‍ വൈദികന്‍ വാത്സിങ്ങാം മാതാവിന്റ്റെ ഒരു പുതിയ സ്വരൂപം നിര്‍മ്മിക്കുകയും പാരിഷ് ചര്‍ച്ച് ഓഫ് സെന്റ് മേരിയില്‍ അത് സ്ഥാപിക്കുകയും ചെയ്തു.1931 ല്‍ പുതുതായി നിര്‍മ്മിതമായ ആംഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് വാത്സിങ്ങാമില്‍ ഈ രൂപം പുനര്‍ പ്രതിഷ്ഠിച്ചു. 1934ല്‍ കര്‍ദിനാള്‍ ബോണ്‍, പതിനായിരം പേരടങ്ങുന്ന ഒരു തീര്‍ത്ഥാടക സംഘത്തെ സ്ലിപ്പര്‍ ചാപ്പലിലേക്കു നയിക്കുകയും അവിടെ സ്ഥിതി ചെയുന്ന പരിശുദ്ധ മറിയത്തിന്റെ ദേവാലയത്തെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുകയും ചെയ്തു.1950  മുതല്‍ മുടങ്ങാതെ എല്ലാ വര്‍ഷവും തീര്‍ത്ഥാടകരായ ലക്ഷക്കണക്കിന് ആളുകള്‍ ഈ റോമന്‍ കത്തോലിക്കാ ദേവാലയം സന്ദര്‍ശിക്കാറുണ്ട്. വേനല്‍ക്കാല വാരാന്ത്യങ്ങളില്‍ യൂറോപ്പിന്റെയും ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും തീര്‍ത്ഥാടക സംഘങ്ങള്‍ ഇവിടെ വന്ന് വാത്സിങ്ങാം മാതാവിന്റെ അനുഗ്രഹവും മദ്ധ്യസ്ഥവും പ്രാപിച്ച് മടങ്ങുന്നു.

1982-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ഇംഗ്ലണ്ട് സന്ദര്‍ശന വേളയില്‍, സ്ലിപ്പര്‍ ചാപ്പലിലെ മാതാവിന്റെ പ്രതിമ വെംബ്ലി സ്റ്റേഡിയത്തിലേക്ക് കൊണ്ടുപോവുകയും, മാര്‍പ്പാപ്പയുടെ പാപ്പല്‍ കുര്‍ബാനയ്ക്ക് മുമ്പായി സ്റ്റേഡിയത്തിന് ചുറ്റും പ്രദക്ഷിണമായി വലയം വെക്കുകയും  ചെയ്തിരുന്നു.

'സ്ലിപ്പര്‍ ചാപ്പല്‍'

 

14-ആം നൂറ്റാണ്ടിന്റെ മധ്യത്തില്‍ പണികഴിപ്പിച്ചതും 'അലക്‌സാണ്ട്രിയയിലെ വിശുദ്ധ കാതറിനു' സമര്‍പ്പിച്ചിരിക്കുന്നതുമായ ഈ ചാപ്പല്‍ ഇംഗ്ലണ്ടിലെ നസ്രത്തിലേക്കുള്ള യാത്രാമധ്യേ തീര്‍ത്ഥാടകര്‍ക്ക് വിശ്രമ കേന്ദ്രവും, ഇടത്താവളവുമായിരുന്നു.

വിശുദ്ധ കാതറിന്‍ വിശുദ്ധ ദേശത്തേക്കുള്ള തീര്‍ത്ഥാടകരുടെ രക്ഷാധികാരിയും, കുരിശുയുദ്ധകാലത്ത് നസ്രത്തിലേക്കുള്ള വഴിയില്‍ തീര്‍ത്ഥാടകര്‍ക്ക് സംരക്ഷകയും ആയിരുന്നു.

തീര്‍ത്ഥാടകര്‍ വാല്‍ത്സിങ്ങാമിലെ വിശുദ്ധ ദേവാലയത്തിലേക്കുള്ള അവസാന മൈല്‍ (വിശുദ്ധ വഴി) നഗ്നപാദരായി നടക്കുന്നതിനായി ദിവ്യ ബലിക്കും, കുമ്പസാരത്തിനുമായി സ്ലിപ്പര്‍ ചാപ്പലില്‍ എത്തുകയും അവിടെ സ്ലിപ്പര്‍ അഴിച്ചു വെക്കുകയും പതിവായിരുന്നു. ഇങ്ങിനെ സ്ലിപ്പര്‍  (ചെരുപ്പ്) അഴിച്ചു വച്ച് യാത്ര ആരംഭിക്കുന്ന ഇടം എന്നതിനാലാണ് ഈ ദേവാലയത്തിനു സ്ലിപ്പര്‍ ചാപ്പല്‍ എന്ന പേര് കിട്ടിയത് എന്നതാണ് ചരിത്രം.

ആംഗ്ലിക്കന്‍ സഭ അധീനതയിലാക്കിയ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ സ്ലിപ്പര്‍ ചാപ്പല്‍ മാത്രമാണ് ഇന്ന് കത്തോലിക്കാ സഭയുടെ കീഴിലുള്ളത്. ഇംഗ്ലണ്ടിലെ നസ്രേത്തില്‍ കത്തോലിക്കാ സഭയുടെ 'നാഷണല്‍ ഷ്രയിന്‍' ആയി സ്ലിപ്പര്‍ ചാപ്പലിനെ പ്രഖ്യാപിക്കുകയും 2015 ല്‍ പോപ്പ് ഫ്രാന്‍സീസ് മൈനര്‍ ബസിലിക്കയായി ഉയര്‍ത്തുകയും ചെയ്തു വെന്നത് വാത്സിങ്ങാം പുണ്യകേന്ദ്രത്തിന്റെ പ്രസക്തിയാണ് കാണിക്കുക.  

Catholic National Shrine Of Our Lady, Walshingham, Houghton St. Giles, Norfolk, 

NR22 6AL 

Appachan Kannanchira

 

 




കൂടുതല്‍വാര്‍ത്തകള്‍.