ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷങ്ങളില്‍ പാക്കിസ്ഥാനൊപ്പമെന്ന് ആവര്‍ത്തിച്ച് തുര്‍ക്കി. പാക്കിസ്ഥാനെതിരെയുള്ള മിസൈല്‍ ആക്രമണങ്ങളെ നേരത്തെയും തുര്‍ക്കി അപലപിച്ചതാണെന്നും പ്രസിഡന്റ് എര്‍ദൊഗാന്‍ ആവര്‍ത്തിച്ചു. ഇപ്പോഴത്തെ വെടിനിര്‍ത്തല്‍ തുടരണം, പാക്കിസ്ഥാന് എതിരെ കൂടുതല്‍ ആക്രമണങ്ങള്‍ പാടില്ലെന്നും തുര്‍ക്കി ആവശ്യപ്പെട്ടു. പഹല്‍ഗാം ഭീകരാക്രമണത്തെ നേരത്തെ അപലപിച്ചതാണ്. സിന്ധു നദീജല തര്‍ക്കം അടക്കം വെടി നിര്‍ത്തലിനിടെ ചര്‍ച്ച ചെയ്യണമെന്നും തുര്‍ക്കി ആവശ്യപ്പെടുന്നു.
പെഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരിന് പിന്നാലെ പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് തുര്‍ക്കി. ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ പ്രയോഗിച്ച ഡ്രോണുകളില്‍ തുര്‍ക്കി ഡ്രോണുകളുമുണ്ടെന്ന് നേരത്തെ ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചിരുന്നു. ആക്രമണം ഏറ്റവും ശക്തമായ മെയ് 8 ന് മാത്രം 300 മുതല്‍ 400 വരെ ഡ്രോണുകള്‍ ഇന്ത്യയുടെ വ്യോമാതിര്‍ത്തി ലംഘിച്ചെത്തിയെന്ന് വാര്‍ത്താ സമ്മേളനത്തില്‍ കേണല്‍ സോഫിയ ഖുറേഷി സ്ഥിരീകരിച്ചിരുന്നു.
തുര്‍ക്കി സായുധ സേനയ്ക്കായി അസിസ്ഗാര്‍ഡ് എന്ന പ്രതിരോധ കമ്പനി വികസിപ്പിച്ചെടുത്ത സോങ്കര്‍ ഡ്രോണുകള്‍ ഇവയില്‍ ഉള്‍പ്പെടും. തുര്‍ക്കി സായുധ സേന 2020 മുതല്‍ ഉപയോഗിക്കുന്ന സോങ്കര്‍, അവരുടെ ആദ്യ ആംഡ് ഡ്രോണ്‍ സംവിധാനം കൂടിയാണ്. ആഭ്യന്തര ആവശ്യത്തിന് പുറമെ യുദ്ധ മേഖലകളിലും തുര്‍ക്കിയുടെ സോങ്കര്‍ ഡ്രോണുകള്‍ ഉപയോഗിച്ചുവരുന്നുണ്ട്. ഇതാണ് പാകിസ്ഥാന്‍ ഇന്ത്യക്ക് നേരെ ഉപയോഗിച്ചത്.