റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി തിങ്കളാഴ്ച സംസാരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ ഔദ്യോഗിക ട്രൂത്ത് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ശരാശരി 5000-ത്തിലധികം റഷ്യന്‍, യുക്രെയ്ന്‍ സൈനികരാണ് ആഴ്ചയില്‍ കൊല്ലപ്പെടുന്നത്. ഈ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കുന്നതിനായാണ് പുടിനുമായി സംസാരിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കിയോടും സംസാരിക്കുമെന്നും യുദ്ധം എത്രയും പെട്ടെന്ന് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് കുറിച്ചു. നാറ്റോ നേതാക്കളുമായും സംസാരിക്കുമെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു.