പാകിസ്ഥാന് ഇന്ത്യയ്ക്കെതിരെ നടത്തിയ ആക്രമണങ്ങളില്‍ തുര്‍ക്കി നല്‍കിയ പിന്തുണയ്ക്ക് കടുത്ത നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. തുര്‍ക്കി പാകിസ്ഥാന് പിന്തുണ നല്‍കിയത് ഗൗരവമായി കാണാനാണ് കേന്ദ്രതീരുമാനം. തുര്‍ക്കിയിലേക്കുള്ള വിനോദ സഞ്ചാരവും വ്യാപാര ബന്ധവും ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനം രാജ്യത്ത് ശക്തമാകുന്നതിനിടെയാണ് സര്‍ക്കാര്‍ നീക്കങ്ങള്‍.
തുര്‍ക്കിയുമായുള്ള വ്യാപാര ബന്ധത്തില്‍ കടുത്ത തീരുമാനങ്ങള്‍ കൈക്കൊള്ളാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്നാണ് വിലയിരുത്തലുകള്‍. രാജ്യത്തെ തുര്‍ക്കിഷ് കമ്പനികള്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ചില രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. തുര്‍ക്കിക്ക് മറുപടിയായി മറ്റ് ഗള്‍ഫ് രാജ്യങ്ങളുമായി വ്യാപാര ബന്ധം ശക്തമാക്കാനും ഇന്ത്യ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.
തുര്‍ക്കി, അസര്‍ബൈജാന്‍ എന്നീ രാജ്യങ്ങളിലേക്കുള്ള ഉല്ലാസ യാത്രകള്‍ ഒഴിവാക്കണമെന്ന ആവശ്യവുമായി നിരവധി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന് കോണ്‍ഫഡേറഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് ആഹ്വാനം ചെയ്തു. സിനിമാ ലൊക്കേഷനായി തുര്‍ക്കിയെ പരിഗണിക്കരുതെന്ന് ഒരു വിഭാഗം സിനിമാ സംഘടനകളും ആഹ്വാനം ചെയ്തിട്ടുണ്ട്.
യാത്രകള്‍ ക്യാന്‍സല്‍ ചെയ്യുന്നവരുടെ എണ്ണം 250 ശതമാനം വര്‍ധിച്ചതായും ട്രാവല്‍ ബുക്കിംഗ് പ്ലാറ്റ്ഫോമായ ബുക്ക് മൈ ഷോയുടെ കണക്കുകള്‍ പറയുന്നു. 2023-24 വര്‍ഷത്തില്‍ 10.43 ബില്യന്‍ ഡോളറിന്റെ വ്യാപാരമാണ് ഇന്ത്യയുമായി തുര്‍ക്കി നടത്തിയത്. 2022-23 വര്‍ഷത്തില്‍ 13.80 ബില്യന്‍ ഡോളറിന്റെ വ്യാപാരവും നടത്തിയിരുന്നു. ഇന്ത്യ ഇനി ശക്തമായ നീക്കം നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.