ലൈവ് സ്ട്രീമിങ്ങിനിടെ ടിക് ടോക് താരം അക്രമിയുടെ വെടിയേറ്റ് മരിച്ചു. മെക്‌സിക്കോയിലാണ് സംഭവം. ബ്യൂട്ടി, മേക്കപ്പ് വീഡിയോകളിലൂടെ താരമായിരുന്ന മെക്‌സിക്കോ സ്വദേശി വലേറിയ മാര്‍ക്കേസ് സമൂഹ മാധ്യമത്തില്‍ ലൈവ്‌സ്ട്രീമിംഗ് നടത്തുന്നതിനിടെയായിരുന്നു അക്രമിയുടെ വെടിയേറ്റ് മരിച്ചത്.
ഇന്‍സ്റ്റഗ്രാമിലും ടിക്ടോക്കിലുമായി രണ്ടു ലക്ഷത്തോളം ഫോളോവേഴ്‌സുള്ള വലേറിയ ജെലിസ്‌കോയിലുള്ള ബ്യൂട്ടി സലൂണില്‍ ചൊവ്വാഴ്ച ലൈവ്‌സ്ട്രീമിങ് നടത്തുമ്പോഴാണ് ബൈക്കിലെത്തിയ അക്രമി വെടിയുതിര്‍ത്തത്. സമ്മാനപ്പൊതി കൈമാറാനെന്ന വ്യാജേനയായിരുന്നു ഇയാള്‍ വലേറിയയ്ക്കടുത്തേക്ക് എത്തിയത്. ഉടന്‍ തന്നെ ഇയാള്‍ വലേറിയയുടെ തലയിലും നെഞ്ചിലും വെടിയുതിര്‍ക്കുകയായിരുന്നു.
വലേറിയ ലൈവ്‌സ്ട്രീമിംഗ് നടത്തുന്നതിനിടെ ആയതിനാല്‍ വെടിയേറ്റ ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്ന ഒരാള്‍ ഇവരുടെ ഫോണ്‍ കൈക്കലാക്കുകയും ലൈവ് സ്ട്രീമിംഗ് നിര്‍ത്തുകയുമായിരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ ഉയര്‍ന്ന നിരക്കുള്ള രാജ്യമാണ് മെക്‌സിക്കോ. നിലവില്‍ താരത്തിന്റെ മരണത്തില്‍ കേസെടുത്ത് അന്വേണം ആരംഭിച്ചു.