CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 31 Seconds Ago
Breaking Now

'ഗാസയിലെ കുഞ്ഞുങ്ങളെ കൊല്ലാനുള്ള ബോംബുകള്‍ക്കായി പണം നല്‍കുന്നു';യുഎസ് സെനറ്റ് യോഗത്തില്‍ പ്രതിഷേധം

'യുഎസ് കോണ്‍ഗ്രസ് ഗാസയിലെ കുഞ്ഞുങ്ങളെ കൊല്ലാനുളള ബോംബുകള്‍ക്ക് പണം നല്‍കുന്നു' എന്ന് അലറിവിളിച്ചുകൊണ്ടാണ് ബെന്നും സംഘവും പ്രതിഷേധിച്ചത്.

ഗാസയിലെ ജനങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ എടുത്തുകാട്ടി യുഎസ് സെനറ്റ് യോഗത്തിനിടെ പ്രതിഷേധം. ബെന്‍ ആന്‍ഡ് ജെറിസ് എന്ന ജനപ്രിയ ഐസ്‌ക്രീം ബ്രാന്‍ഡിന്റെ സഹസ്ഥാപകനായ ബെന്‍ കോഹനും ചിലരുമാണ് പ്രതിഷേധിച്ചത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

'യുഎസ് കോണ്‍ഗ്രസ് ഗാസയിലെ കുഞ്ഞുങ്ങളെ കൊല്ലാനുളള ബോംബുകള്‍ക്ക് പണം നല്‍കുന്നു' എന്ന് അലറിവിളിച്ചുകൊണ്ടാണ് ബെന്നും സംഘവും പ്രതിഷേധിച്ചത്. ഈ സമയത്ത് ആരോഗ്യ സെക്രറ്ററി റോബര്‍ട്ട് എഫ് കെന്നഡി ജൂനിയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ബഡ്ജറ്റ് പ്രൊപ്പോസല്‍ അവതരിപ്പിക്കുകയായിരുന്നു. ബെന്നും സംഘവും പ്ലക്കാര്‍ഡുകളും മറ്റുമായി എഴുന്നേല്‍ക്കുന്നതും ഉടനെ ഉദ്യോഗസ്ഥര്‍ ഞെട്ടുന്നതുമടക്കം പുറത്തുവന്ന വീഡിയോയില്‍ കാണാം. ശേഷം ഇവരെ പൊലീസ് ബലം പ്രയോഗിച്ച് പുറത്തുകൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റ് ചെയ്തു

ഇസ്രയേലിനോട് ഗാസയിലെ വിശക്കുന്ന കുഞ്ഞുങ്ങള്‍ക്കായി ഭക്ഷണം എത്തിച്ചുനല്‍കാനും ബെന്‍ ആവശ്യപ്പെട്ടു. എന്തെങ്കിലും ചെയ്‌തേ മതിയാകൂ എന്ന സാഹചര്യത്തിലാണ് ഗാസയിലെ കുഞ്ഞുങ്ങള്‍ ഇപ്പോള്‍ ഉള്ളതെന്നും, ഇവയ്ക്ക് പകരം ഇരുപത് ബില്യണ്‍ ഡോളറിന്റെ ബോംബുകളാണ് യുഎസ് ഇസ്രയേലിന് നല്‍കുന്നത് എന്നും ബെന്‍ കോഹന്‍ പറഞ്ഞു. ഭൂരിഭാഗം അമേരിക്കക്കാരും ഇപ്പോള്‍ നടക്കുന്നതിനെ എതിര്‍ക്കുന്നെന്നും ബെന്‍ അഭിപ്രായപ്പെട്ടു.

യുഎസ് തങ്ങളുടെ ബജറ്റിന്റെ പകുതിയും യുദ്ധ ആവശ്യങ്ങള്‍ക്കായി മാറ്റിവെയ്ക്കുന്നുവെന്നും, ആളുകളെ കൊല്ലുന്ന ഈ പ്രവൃത്തി നമ്മുടെ രാജ്യം എന്താണെന്ന് കാണിച്ചുതരികയാണെന്നും ബെന്‍ അഭിപ്രായപ്പെട്ടു. ഈ പണത്തിന്റെ പകുതി ലോകമെമ്പാടുമുള്ള നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിച്ചാല്‍ ഇത്തരം യുദ്ധങ്ങള്‍ ഉണ്ടാകുകയില്ല എന്നും ബെന്‍ പറഞ്ഞു. രാജ്യങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകാം, എന്നാല്‍ ആളുകളെ കൊല്ലാതെത്തന്നെ അവ ഒത്തുതീര്‍പ്പാക്കാമെന്നും ബെന്‍ കൂട്ടിച്ചേര്‍ത്തു.സംഘംചേരുക, യോഗം തടസപ്പെടുത്തുക തുടങ്ങിയ വകുപ്പുകളാണ് ബെന്നിനെതിരെ ചുമത്തിയിട്ടുള്ളത്.

 




കൂടുതല്‍വാര്‍ത്തകള്‍.