വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിനെതിരെയുള്ള പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി വിദേശകാര്യ മന്ത്രാലയം. ഓപ്പറേഷന്‍ സിന്ദൂറിന് മുമ്പേ പാകിസ്താന് മുന്നറിയിപ്പ് നല്‍കിയെന്ന് ജയ്ശങ്കര്‍ പറഞ്ഞുവെന്നത് തെറ്റായ വ്യാഖ്യാനമാണെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചതിന് ശേഷമുള്ള ഘട്ടത്തിലാണ് പാകിസ്താന് മുന്നറിയിപ്പ് നല്‍കിയതെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
സൈനിക നടപടി ആരംഭിക്കുന്നതിന് മുമ്പേ പാകിസ്താന് മുന്നറിയിപ്പ് നല്‍കിയെന്ന് വിദേശകാര്യമന്ത്രി പറഞ്ഞെന്ന് ആരോപിച്ച് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വ്യക്തത വരുത്തുകയായിരുന്നു വിദേശകാര്യ മന്ത്രാലയം.
ഓപ്പറേഷന്‍ സിന്ദൂറിലും തുടര്‍ന്നുണ്ടായ പാകിസ്ഥാനുമായുള്ള സംഘര്‍ഷത്തിലും ഇന്ത്യയുടെ എത്ര യുദ്ധവിമാനങ്ങള്‍ നഷ്ടമായെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. സാമൂഹ്യ മാധ്യമമായ എക്‌സിലൂടെയായിരുന്നു രാഹുല്‍ ഗാന്ധി ചോദ്യമുയര്‍ത്തിയത്.
ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യാക്രമണത്തെ കുറിച്ച് പാകിസ്ഥാന് വിവരം നല്‍കാന്‍ ആരാണ് അനുമതി നല്‍കിയതെന്നും രാഹുല്‍ ഗാന്ധി ചോദിക്കുന്നു. ഭീകര കേന്ദ്രങ്ങള്‍ക്ക് എതിരെ മാത്രമായിരുന്നു നീക്കമെന്ന് തുടക്കത്തില്‍ പാക്കിസ്ഥാനെ അറിയിച്ചുവെന്ന വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ വാക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ ചോദ്യം.
ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കം പാക്കിസ്ഥാനെ അറിയിച്ചത് കുറ്റകാരമാണെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. ഇതിന്റെ ഫലമായി രാജ്യത്തിന് എത്ര യുദ്ധ വിമാനങ്ങള്‍ നഷ്ടമായി എന്നതാണ് രാഹുല്‍ ഗാന്ധി ഉന്നയിക്കുന്ന പ്രധാന ചോദ്യം.