ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ക്കൊപ്പം അറസ്റ്റിലായ ആദിവാസി യുവാവ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരില്‍ നിന്ന് നേരിട്ടത് ക്രൂര മര്‍ദനം. നാരായണ്‍പുര്‍ സ്വദേശിയായ സുഖ്മാന്‍ മണ്ഡാവി (19)യെയാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചത്.
യുവാവിന്റെ മുഖത്തും കഴുത്തിലും ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി അടിക്കുന്നത് ദൃശ്യത്തിലുണ്ട്. യുവതികളെ കടത്തിക്കൊണ്ടുപോകാന്‍ സഹായിച്ചു എന്ന് ആരോപിച്ചായിരുന്നു യുവാവിനെ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചത്.
ജൂണ്‍ 25നായിരുന്നു സംഭവം നടക്കുന്നത്. ബംജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ പരാതിയിലായിരുന്നു മലയാളി കന്യാസ്ത്രീകളായ പ്രീതി മേരിയേയും വന്ദന ഫ്രാന്‍സിസിനേയും റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ആദിവാസി വിഭാഗത്തില്‍പ്പെട്ട യുവതികളെ കടത്തിക്കൊണ്ടുപോകാനും നിര്‍ബന്ധിതമായി മതപരിവര്‍ത്തനം നടത്താനും ശ്രമിച്ചു എന്നായിരുന്നു ആരോപണം. ഇവര്‍ക്കൊപ്പം തന്നെ ഉണ്ടായിരുന്ന സുഖ്മാനെയും പൊലീസ് അറസ്റ്റ് ചെയ്തു. റെയില്‍വേ സ്റ്റേഷനില്‍വെച്ച് കന്യാസ്ത്രീകളോടും ആദിവാസി യുവാവിനോടും യുവതികളോടും ക്രൂരമായ ഇടപെടലായിരുന്നു ബംജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ നടത്തിയത്. കേസ് പിന്നീട് ഛത്തീസ്ഗഡ് പൊലീസിന് കൈമാറുകയും അറസ്റ്റിലായ കന്യാസ്ത്രീകളെ ദുര്‍ഗിലെ കൊടുംകുറ്റവാളികള്‍ കഴിയുന്ന ജയിലിലേക്ക് മാറ്റുകയും ചെയ്തു. സുഖ്മാന്‍ മണ്ഡാവിയേയും ജയിലില്‍ അടച്ചു. പ്രതിഷേധം ശക്തമായിരുന്നു ഒടുവില്‍ എന്‍ഐഎ കോടതി കേസ് പരിഗണിച്ചപ്പോള്‍ കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. കര്‍ശന ഉപാധികളാണ് കോടതി മുന്നോട്ടുവെച്ചത്. ഇതോടൊപ്പം സുഖ്മാന്‍ മണ്ഡാവിക്കും ജാമ്യം ലഭിച്ചു. ഇവര്‍ക്കെതിരായ എഫ്ഐആര്‍ റദ്ദാക്കണമെന്ന ആവശ്യം ശക്തമാണ്.