ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്താന്റെ അഞ്ച് യുദ്ധ വിമാനങ്ങള്‍ തകര്‍ത്തെന്ന് സ്ഥിരീകരിച്ച് വ്യോമസേന മേധാവി അമര്‍ പ്രീത് സിങ്. ഒരു വലിയ എയര്‍ ക്രാഫ്റ്റും തകര്‍ത്തെന്നും അമര്‍ പ്രീത് സിങ് പറഞ്ഞു. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനമാണ് പാക് വിമാനങ്ങളെ തകര്‍ത്തത്. റഷ്യന്‍ നിര്‍മ്മിത വിമാനവേധ മിസൈലായ എസ്-400 ആണ് പാകിസ്താന്‍ ജെറ്റുകളെ വീഴ്ത്തിയെന്ന് സിംഗ് പറഞ്ഞു.
ഇതാദ്യമായാണ് പാക് യുദ്ധവിമാനങ്ങള്‍ തകര്‍ത്തെന്ന് ഇന്ത്യന്‍ വ്യോമസേനാമേധാവി സ്ഥിരീകരിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂരിനിടെ പാകിസ്ഥാനിലെ ജേക്കബാബാദ് വ്യോമതാവളത്തില്‍ ഉണ്ടായിരുന്ന എഫ്-16 ജെറ്റുകളും, ബൊളാരി വ്യോമതാവളത്തില്‍ വ്യോമ നിരീക്ഷണത്തിനായി രൂപകല്‍പ്പന ചെയ്ത എഇഡബ്ല്യു & സി/ഇലിന്റ് വിമാനവും ഇന്ത്യന്‍ സൈന്യം നശിപ്പിച്ചതായി ഇന്ത്യന്‍ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ് പറഞ്ഞു.
'നമ്മുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ അത്ഭുതകരമായ ജോലി ചെയ്തു. ഞങ്ങള്‍ അടുത്തിടെ വാങ്ങിയ എസ്-400 സിസ്റ്റം ഒരു ഗെയിം ചേഞ്ചര്‍ ആയിരുന്നു. ആ സിസ്റ്റത്തിന്റെ റേഞ്ച് അവരുടെ വിമാനങ്ങളെയും അവരുടെ കൈവശമുള്ള ദീര്‍ഘദൂര ഗ്ലൈഡ് ബോംബുകള്‍ പോലുള്ള ആയുധങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തി' - അമര്‍ പ്രീത് സിങ് പറഞ്ഞു.