CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 51 Minutes 55 Seconds Ago
Breaking Now

യൂട്യൂബ് നോക്കി കൊലപാതകം; ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നത് ചെവിയില്‍ കീടനാശിനിയൊഴിച്ച്

സംഭവത്തില്‍ പോലീസ് യുവതിയെയും കാമുകനെയും സഹായിയായ അയാളുടെ സുഹൃത്തിനെയും അറസ്റ്റ് ചെയ്തു.

തെലങ്കാനയിലെ കരിംനഗറില്‍ ഭാര്യയും കാമുകനും ചേര്‍ന്ന് മദ്യപാനിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഒരു യൂട്യൂബ് വീഡിയോ കണ്ടാണ് യുവതി കൊലപാതകം ആസൂത്രണം ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.സംഭവത്തില്‍ പോലീസ് യുവതിയെയും കാമുകനെയും സഹായിയായ അയാളുടെ സുഹൃത്തിനെയും അറസ്റ്റ് ചെയ്തു.

ലൈബ്രറിയില്‍ ക്ലീനറായി ജോലി ചെയ്തിരുന്ന സമ്പത്ത് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യ രമാദേവിയും കാമുകന്‍ കരണ്‍ രാജയ്യയും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. സമ്പത്ത് ഒരു മദ്യപാനിയായിരുന്നുവെന്നും മദ്യപിച്ചെത്തി നിരന്തരം ഭാര്യയുമായി വഴിക്കിട്ടിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ദമ്പതികള്‍ക്കിടയിലെ പ്രശ്നങ്ങളാണ് രമാദേവിയെ കരണുമായുള്ള അവിഹിത ബന്ധത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

കുടുംബം നോക്കാനായി രമാദേവി ചെറിയൊരു ലഘുഭക്ഷണ കട നടത്തിയിരുന്നു. കടയില്‍ വെച്ചാണ് കാമുകനായ കരണ്‍ രാജയ്യയെ പരിചയപ്പെടുന്നത്. 50-കാരനായ കരണുമായി പിന്നീട് രമാദേവി ബന്ധത്തിലായി. ഈ ബന്ധം വളര്‍ന്നതോടെ ഭര്‍ത്താവിനെ ഒഴിവാക്കാന്‍ രമാദേവി തീരുമാനിച്ചതായി പോലീസ് പറയുന്നു.

യൂട്യൂബ് നോക്കി പഠിച്ചാണ് രമാദേവി ഭര്‍ത്താവിനെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയത്. ഒരാളെ കൊല്ലാനുള്ള വഴികള്‍ അവര്‍ ഓണ്‍ലൈനില്‍ തിരഞ്ഞു. ചെവിയില്‍ കീടനാശിനി ഒഴിച്ച് കൊലപ്പെടുത്തുന്ന രീതി യൂട്യൂബ് വീഡിയോയില്‍ നിന്നും മനസ്സിലാക്കി. ഈ പദ്ധതി രമാദേവി കാമുകനായ കരണുമായി ചര്‍ച്ച ചെയ്തതായും പോലീസ് ആരോപിക്കുന്നു.

കരണ്‍ രാജയ്യയുടെ സുഹൃത്ത് ശ്രീനിവാസിനൊപ്പം ചേര്‍ന്ന് ഇവര്‍ സമ്പത്തിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടു. കൊലപാതകം നടന്ന ദിവസം കാമുകനും അദ്ദേഹത്തിന്റെ സുഹൃത്തും ചേര്‍ന്ന് സമ്പത്തിനെ ബൊമ്മക്കല്‍ ഫ്ളൈഓവറിനടുത്ത് വച്ച് കാണാന്‍ വിളിച്ചു. അവര്‍ അദ്ദേഹത്തിന് മദ്യം നല്‍കി. മദ്യലഹരിയില്‍ സമ്പത്ത് ഉറങ്ങിപ്പോയി. ഈ സമയത്ത് കരണ്‍ അദ്ദേഹത്തിന്റെ ചെവിയിലേക്ക് കീടനാശിനി ഒഴിച്ചുവെന്നാണ് പോലീസ് പറയുന്നത്. സംഭവസ്ഥലത്തുതന്നെ രാജയ്യ മരിച്ചുവെന്നും കൊലപാതക വിവരം അറിയിക്കാന്‍ കരണ്‍ രമാദേവിയെ വിളിച്ചതായും പോലീസ് പറയുന്നു.

പിറ്റേദിവസം പോലീസിനെ തെറ്റിദ്ധരിപ്പിക്കാനായി രമാദേവി സ്റ്റേഷനിലെത്തി ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി നല്‍കി. ഒഗസ്റ്റ് ഒന്നിനാണ് സമ്പത്തിന്റെ മൃതദേഹം കണ്ടെത്തുന്നത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ രമാദേവിയും കരണ്‍ രാജയ്യയും വിസമ്മതിച്ചോടെയാണ് പോലീസിന് സംശയം തോന്നിയത്. ദമ്പതികളുടെ മകനും അച്ഛന്റെ മരണത്തില്‍ സംശയം പ്രകടിപ്പിക്കുകയും കൂടുതല്‍ അന്വേഷണം നടത്താന്‍ പോലീസിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

ഇതോടെ പോലീസ് കോള്‍ റെക്കോര്‍ഡുകളും സിസിടിവി ദൃശ്യങ്ങളും ലൊക്കേഷന്‍ വിവരങ്ങളും പരിശോധിച്ചു. ഇത് പ്രതികളിലേക്ക് അന്വേഷണത്തെ നയിച്ചു. ചോദ്യം ചെയ്യലില്‍ മൂന്നുപേരും കുറ്റംസമ്മതിച്ചതായാണ് വിവരം. റിപ്പോര്‍ട്ടനുസരിച്ച് പ്രതികളെ മൂന്ന് പേരെയും അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചിട്ടുണ്ട്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.