ജെല്ലിക്കെട്ട് പ്രമേയമാവുന്ന സി. എസ് ചെല്ലപ്പയുടെ വാടിവാസല്‍ എന്ന നോവലിനെ ആസ്പദമാക്കി സൂര്യ നായകനാവുന്ന വെട്രിമാരന് ചിത്രം 'വാടിവാസലി'ന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാലോകം. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് വെട്രിമാരന് തന്നെ പുറത്തുവിട്ടിരിക്കുകയാണ്. മൂന്ന് മാസത്തിനുള്ളില്‍ വാടിവാസലിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സൂരി, വിജയ് സേതുപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ വിടുതലൈ പാര്‍ട്ട് 1 ആണ് വെട്രിമാരന്റേതായി പുറത്തുവന്നത്. വാദ്യാര് എന്നറിയപ്പെടുന്ന പെരുമാള്‍ എന്ന മാവോയിസ്റ്റ് നേതാവിനെ പിടികൂടാനായി തദ്ദേശീയ ജനവിഭാഗങ്ങളായ ആദിവാസികള്‍ക്കെതിരെ ഭരണകൂടം നടത്തുന്ന അതിക്രമങ്ങളും, പുതുതായി പൊലീസ് സേനയില്‍ ചേര്‍ന്ന യുവാവിന്റെ മാനസിക സംഘര്‍ഷങ്ങളുമാണ് വിടുതലൈ ആദ്യ ഭാഗത്തില്‍ ചര്‍ച്ച ചെയ്തത്. രണ്ടാം ഭാഗത്തില്‍ എങ്ങനെയാണ് പെരുമാള്‍ എന്ന മാവോയിസ്റ്റ് നേതാവ് രൂപം കൊണ്ടതെന്നും അതിനു പിന്നിലെ രാഷ്ട്രീയവുമായിരിക്കും ചിത്രം ചര്‍ച്ച ചെയ്യുന്നത്. മഞ്ജു വാര്യരും ചിത്രത്തിലുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.