ബോളിവുഡ് പ്രേക്ഷകരുടെ പ്രിയ താരമാണ് ജാന്‍വി കപൂര്‍. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം 'മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി' റിലീസിനോടടുക്കുകയാണ്. രാജ്കുമാര്‍ റാവുവും ചിത്രത്തില്‍ ജാന്‍വിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്. ക്രിക്കറ്റ് പ്രമേയമാവുന്ന ചിത്രം മെയ് 21 നാണ് തിയേറ്ററുകളില്‍ എത്തുന്നത്.
ഇപ്പോഴിതാ ചിത്രത്തിന് വേണ്ടി രണ്ട് വര്‍ഷം ക്രിക്കറ്റ് പരിശീലിച്ചതിനെ കുറിച്ചും അതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളെ കുറിച്ചും സംസാരിക്കുകയാണ് ജാന്‍വി കപൂര്‍. ചിത്രത്തിന് വേണ്ടി വിഎഫ്എക്‌സ് ഉപയോഗിക്കാന്‍ സംവിധായകന്‍ തയ്യാറായിരുന്നില്ലെന്നാണ് ജാന്‍വി പറയുന്നത്. കൂടാതെ നിരവധി പരിക്കുകള്‍ സംഭവിച്ചെന്നും തന്റെ തോളുകള്‍ രണ്ടും സ്ഥാനം തെറ്റിയെന്നും ജാന്‍വി പറയുന്നു.
'ഈ ചിത്രത്തിന് വേണ്ടി ഒരുപാട് കഠിനാധ്വാനം ചെയ്തു. രണ്ട് വര്‍ഷത്തോളം ക്രിക്കറ്റ് പരിശീലിച്ചു. മിലി പ്രമോഷനിടയിലാണ് പരിശീലനം ആരംഭിച്ചത്. ഇപ്പോള്‍ രണ്ട് വര്‍ഷമായി. എനിക്ക് കുറച്ച് പരിക്കുകള്‍ സംഭവിച്ചിട്ടുണ്ട്. തോളുകള്‍ രണ്ടും സ്ഥാനം തെറ്റി. എന്നാല്‍ സംവിധായകനും ഇത്രയും കഠിനാധ്വാനം ചെയ്ത എന്റെ പരിശീലകരായ അഭിഷേക് നയ്യാര്‍ക്കും വിക്രാന്തിനുമാണ് ക്രെഡിറ്റ് നല്‍കേണ്ടത്. പരിശീലനം അവസാനിപ്പിക്കാന്‍ എനിക്ക് തോന്നിയിരുന്നു. എന്റെ ശരീരം കൈവിട്ടു. പക്ഷേ അവര്‍ എന്നെ പ്രചോദിപ്പിച്ചു.
എല്ലാം കൃത്യമായി ചെയ്യണമെന്നാണ് സംവിധായകന്‍ ആഗ്രഹിച്ചിരുന്നത്. തട്ടിപ്പുകള്‍ക്കു അദ്ദേഹം തയ്യാറായിരുന്നില്ല. എല്ലാം ആധികാരികമായി തോന്നണമെന്നാണ് അദ്ദേഹം പറഞ്ഞത്. ക്രിക്കറ്റ് രംഗങ്ങള്‍ മെച്ചപ്പെടുത്താന്‍ വിഎഫ്എക്‌സ് ഉപയോഗിക്കാനും അദ്ദേഹം തയ്യാറായിരുന്നില്ല.
ശരണ്‍ ശര്‍മയുടെ കാഴ്ചപ്പാടും അഭിനിവേശവും കാണുമ്പോഴെല്ലാം എനിക്കു ദേഷ്യവും നിരാശയും തോന്നിയിരുന്നു. ഞങ്ങള്‍ വഴക്കിടുമായിരുന്നു. പക്ഷേ ഇന്ന് ഞങ്ങള്‍ ഇവിടെയെത്തി. ഞങ്ങള്‍ ഒരു ടീമായി ചെയ്ത ജോലിയില്‍ എനിക്ക് സംതൃപ്തി തോന്നുന്നു. ആളുകള്‍ അതിനെ അഭിനന്ദിക്കുകയും സിനിമ ഇഷ്ടപ്പെടുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.' എന്നാണ് ചിത്രത്തിന്റെ പ്രൊമോഷനിടെ ജാന്‍വി പറഞ്ഞത്.